ന്യൂ ഹാംഷെയർ : മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് മാത്രമല്ല, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും അവയവങ്ങൾ മാറ്റിവയ്ക്കാനാകുമോ? വർഷങ്ങളായി വൈദ്യശാസ്ത്ര ലോകം തേടുന്ന ഈ ചോദ്യത്തിന് പുതിയ പ്രതീക്ഷ നൽകുകയാണ് അമേരിക്കയിൽ നിന്നുള്ള 58കാരി മോളി ഫാൽക്കോ.
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് ഒരു വർഷം പിന്നിട്ടിരിക്കുക യാണ് ന്യൂ ഹാംഷെയർ സ്വദേശിനിയായ മോളി. മറ്റൊരു ജീവിവർഗത്തിൽനിന്നുള്ള വൃക്ക സ്വീകരിച്ച് ഇത്രയും കാലം ജീവിക്കുന്ന വ്യക്തിയെന്ന റെക്കോർഡും ഇതോടെ മോളിക്ക് സ്വന്തമായി.
അവയവദാതാക്കളുടെ കുറവ് മൂലം വൃക്കയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ നേട്ടം.
അവയവമാറ്റ ശസ്ത്രക്രിയയിൽ പുതിയ പ്രതീക്ഷ
2025 നവംബറിലാണ് ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ മോളി ഫാൽക്കോയ്ക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ഇത്തരമൊരു പരീക്ഷണാത്മക ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന നാലാമത്തെ വ്യക്തിയായിരുന്നു മോളി.
അവയവദാനത്തിലൂടെ ലഭിക്കുന്ന മനുഷ്യവൃക്കകൾക്ക് വലിയ ക്ഷാമമുള്ള സാഹചര്യത്തിൽ മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ ഉപയോഗിക്കാനുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മോളിയുടെ ഒരു വർഷത്തെ അതിജീവനം ഈ ചികിത്സാരീതിയുടെ സാധ്യതകളെക്കുറിച്ച് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മനുഷ്യവൃക്കയുടെ പ്രവർത്തനങ്ങൾ നിർവഹിച്ച് പന്നിയുടെ വൃക്ക
ഈ നേട്ടം വൈദ്യശാസ്ത്ര ഗവേഷകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് മസാച്യുസെറ്റ്സ് ജനറൽ ബ്രിഗം ട്രാൻസ്പ്ലാന്റ് സെന്ററിലെ വൃക്കമാറ്റ ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. ലിയനാർഡോ റിയേല പറഞ്ഞു.
പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ നിർണായക തെളിവാണിത്. ശരീരത്തിലെ മാലിന്യങ്ങളും അധിക ദ്രാവകവും അരിച്ചുമാറ്റുന്നതിനും മൂത്രം ഉൽപാദിപ്പിക്കുന്നതിനും പുറമെ മനുഷ്യവൃക്ക നിർവഹിക്കുന്ന മറ്റ് പ്രധാന പ്രവർത്തനങ്ങളും മാറ്റിവച്ച വൃക്ക കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ നേട്ടത്തെ ചികിത്സാരീതിയുടെ പൂർണ വിജയമായി കാണാറായിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മോളിക്ക് പന്നിയുടെ വൃക്കയുമായി ഒരു വർഷം കൂടി സുരക്ഷിതമായി ജീവിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.
എന്താണ് സീനോ ട്രാൻസ്പ്ലാന്റേഷൻ?
മറ്റൊരു ജീവിവർഗത്തിൽനിന്നുള്ള അവയവങ്ങളോ കോശങ്ങളോ മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ചികിത്സാരീതിയാണ് സീനോ ട്രാൻസ്പ്ലാന്റേഷൻ (Xenotransplantation). ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരം സ്വീകരിക്കുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ പരിശോധിക്കുന്നത്. പ്രത്യേകിച്ച് പന്നിയുടെ അവയവങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾ ഈ രംഗത്ത് വലിയ ശ്രദ്ധ നേടുന്നുണ്ട്.
2024ലാണ് മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവച്ചത്. റിക്ക് സ്ലേമാനായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കുശേഷം 52 ദിവസം അദ്ദേഹം ജീവിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയയുമായി ബന്ധമില്ലാത്ത ഹൃദയസംബന്ധമായ അസുഖത്തെത്തു ടർന്നാണ് പിന്നീട് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
2025ൽ ടിം ആൻഡ്രൂസ് എന്ന രോഗിക്കും പന്നിയുടെ വൃക്ക മാറ്റിവച്ചു. 271 ദിവസം വൃക്ക അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രവർത്തിച്ചു. പിന്നീട് പന്നിയുടെ വൃക്ക നീക്കം ചെയ്യുകയും മരിച്ചുപോയ മനുഷ്യദാതാവിൽനിന്നുള്ള വൃക്ക മാറ്റിവയ്ക്കുകയും ചെയ്തു.
ഡയാലിസിസിൽനിന്ന് മോചനം
ജന്മനാ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെയാണ് മോളി ഫാൽക്കോയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വന്നത്. അമ്പതാം വയസ്സിൽ രോഗാവസ്ഥ ഗുരുതരമായതോടെ ഒരു വർഷത്തോളം പതിവായി ഡയാലിസിസിന് വിധേയയാകേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പന്നിയുടെ വൃക്ക സ്വീകരിക്കാനുള്ള അവസരം മുന്നിലെത്തിയത്. ചികിത്സാരീതിയുടെ പരീക്ഷണസ്വഭാവം നിലനിൽക്കുമ്പോഴും പുതിയൊരു ജീവിത പ്രതീക്ഷയോടെയാണ് മോളി ശസ്ത്രക്രിയയ്ക്ക് തയ്യാറായത്.
ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ഡയാലിസിസിന്റെ സഹായമില്ലാതെയാണ് ഈ 58 -കാരി ഇപ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അവയവദാനത്തിലൂടെ വൃക്ക ലഭിക്കാതെ കാത്തിരിക്കുന്ന രോഗികൾക്ക് മൃഗങ്ങളുടെ അവയവങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ ഭാവിയിൽ പുതിയൊരു വഴിതുറക്കുമോ എന്ന ചോദ്യത്തിന് പ്രതീക്ഷ നൽകുന്ന മറുപടിയാണ് മോളിയുടെ അതിജീവനം.
