തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഏകീകൃത നിയമ ഭേദഗതിയുമായി സംസ്ഥാന സർക്കാർ.
വൈസ് ചാൻസലർ നിയമനത്തിന്റെ പരമാവധി പ്രായപരിധി 70 വയസ്സ് ആക്കും. നിയമനം അഞ്ചുവർഷത്തേക്ക് മാത്രമായി നിശ്ചയിക്കും. ഒരു പ്രാവശ്യം നിയമിതനായ വ്യക്തിക്ക് പുനർ നിയമനമുണ്ടാകില്ലെന്നും ഭേദഗതിയിൽ നിർദ്ദേശമുണ്ട്. യുജിസി മാനദണ്ഡ പ്രകാരമാണ് സർക്കാരിന്റെ പുതിയ നീക്കം.
വൈസ് ചാൻസിലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ സർവകലാശാല പ്രതിനിധി സിൻഡിക്കേറ്റ് അല്ലെങ്കിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നാകും. സ്ഥിര വൈസ് ചാൻസലർ നിയമനത്തിനാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.
സംസ്ഥാനത്തെ 13 സർവകലാശാലകളിലാണ് ഭേദഗതി നടപ്പിലാക്കുന്നത്. വെറ്ററിനറി, ആരോഗ്യ സർവകലാശാലകളെ ഭേദഗതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2026 സർവകലാശാല ഭേദഗതി നിയമങ്ങൾ എന്ന പേരിലാണ് ബില്ല് വരുന്നത്.
