ബംഗ്ലദേശിലേക്ക് തിരിച്ചെത്താൻ ഷെയ്ഖ് ഹസീന; മടക്കയാത്ര ഡിസംബർ 16ന്

ന്യൂഡൽഹി : ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഒരുങ്ങുന്നു. രണ്ടുവർഷത്തിലേറെയായി ഇന്ത്യയിൽ കഴിയുന്ന ഹസീന ഇതാദ്യമായാണ് സ്വദേശത്തേക്ക് മടങ്ങുന്നതിന് കൃത്യമായ തീയതി പ്രഖ്യാപിക്കുന്നത്. ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1971ൽ പാക്കിസ്ഥാനെതിരായ വിമോചനയുദ്ധത്തിൽ ബംഗ്ലദേശ് വിജയം നേടിയതിന്റെ ഓർമയ്ക്കായി ഡിസംബർ 16 വിജയദിനമായി ആചരിക്കുന്നുണ്ട്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ ദിവസം തന്നെ രാജ്യത്തേക്ക് മടങ്ങാനാണ് ഹസീനയുടെ തീരുമാനം.

ബംഗ്ലദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലദേശ് എയർലൈൻസിൽ ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് യാത്രാസൗകര്യം ഒരുക്കണമെന്നും ഹസീന സർക്കാരിനോട് ആവശ്യപ്പെട്ടു.

വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് 2024 ഓഗസ്റ്റ് അഞ്ചിനാണ് പതിനഞ്ച് വർഷത്തെ ഭരണം അവസാനിപ്പിച്ച് ഹസീന ഇന്ത്യയിലേക്ക് എത്തിയത്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഉത്തരവിട്ടെന്ന കേസിൽ 2025 നവംബറിൽ ബംഗ്ലദേശിലെ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ഹസീന നിഷേധിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് തിരിച്ചെത്തിയാൽ ഹസീനയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലദേശ് സർക്കാരിന്റെ നിലപാട്. മടക്കയാത്രയ്ക്കുള്ള ഔദ്യോഗിക ക്രമീകരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹസീനയുടെ പുതിയ നീക്കം ബംഗ്ലദേശിൽ രാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!