കോഴിക്കോട് : മാവൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പതിനാറായിരത്തോളം കേടായ കോഴിമുട്ടകൾ പിടികൂടി.
മാവൂർ ഫയർ സ്റ്റേഷന് സമീപമുള്ള പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നാണ് പൊട്ടിയതും പുഴുവരിച്ചതുമായ മുട്ടകൾ കണ്ടെത്തിയത്. രണ്ട് കടമുറികളിലായി ശീതീകരിച്ചാണ് ഇവ സൂക്ഷിച്ചിരുന്നത്.
കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയായിരുന്നു പരിശോധന. ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായാണ് മുട്ടകൾ സൂക്ഷിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
പിടിച്ചെടുത്ത മുട്ടകൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ചു.
അതേസമയം, ആരോപണം നിഷേധിച്ച് സ്ഥാപന ഉടമ റഫീക്ക് രംഗത്തെത്തി. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന മുട്ടകൾ തരംതിരിച്ച് കേടായവ തിരിച്ചയക്കുന്നതിനായി മാറ്റിവെച്ചതാ ണെന്നാണ് ഉടമയുടെ വിശദീകരണം. രൂക്ഷമായ ദുർഗന്ധം ഒഴിവാക്കുന്നതിനാ യാണ് ഇവ ശീതീകരിച്ച മുറികളിൽ സൂക്ഷിച്ചതെന്നും ഉടമ വ്യക്തമാക്കി.
