കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ വിധി സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ആഭ്യന്തര തർക്കങ്ങളും രക്തസാക്ഷി ഫണ്ട് വിവാദവും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും സൃഷ്ടിച്ച പ്രതിസന്ധികൾക്കിട യിലാണ് കോടതി വിധി വരുന്നത്.
വിധി പ്രതികൂലമായാൽ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും ശക്തമാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
ധനരാജ് കൊല്ലപ്പെട്ട് പത്തുവർഷം പിന്നിടുമ്പോൾ പയ്യന്നൂരിലെ സിപിഎമ്മിന്റെ സംഘടനാ സാഹചര്യം ഏറെ മാറിയിട്ടുണ്ട്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടിയെ ഇപ്പോഴും പിന്തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന അതൃപ്തി നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ. വി. കുഞ്ഞിക്കൃഷ്ണന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടതും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരാജയവും ഇതിന്റെ ഭാഗമായാണ് പാർട്ടിക്കുള്ളിൽ വിലയിരുത്തപ്പെടുന്നത്.
രണ്ടംഗ കമ്മിഷന്റെ തെളിവെടുപ്പും തുടർനടപടികളും വിശാലമായ പാർട്ടി യോഗങ്ങളും നടന്നിട്ടും പയ്യന്നൂരിലെ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമായിട്ടില്ല. സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലും പ്രകടമാണ്. ഈ സാഹചര്യത്തിൽ ധനരാജ് വധക്കേസിലെ വിധി പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തും.
പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. പ്രതീക്ഷിച്ച വിധിയുണ്ടായില്ലെങ്കിൽ നേതൃത്വത്തിനെ തിരായ വിമർശനങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്. രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി കാണിച്ച ആവേശം പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ ഉണ്ടായില്ലെന്ന ആരോപണം വി. കുഞ്ഞിക്കൃഷ്ണനും അനുയായികളും ഉയർത്തിയേക്കും.
അതേസമയം, വിധി അനുകൂലമായാൽ പയ്യന്നൂരിൽ പാർട്ടിക്ക് രാഷ്ട്രീയമായി തിരിച്ചുവരാനുള്ള അവസരമാകും. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയുന്ന സിപിഎമ്മിന് അണികളുടെ വിശ്വാസം വീണ്ടെടുക്കാനും അകന്നുപോയ പ്രവർത്തകരെ തിരിച്ചെത്തിക്കാനും കേസിലെ വിജയം സഹായകമാകുമെന്നാ ണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
2016 ജൂലൈ 11നാണ് സിപിഎം ഏഴിമല ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സി.വി. ധനരാജ് കൊല്ലപ്പെട്ടത്. രാമന്തളി കുന്നരു കാരന്താട്ടെ വീടിന്റെ മുറ്റത്തുവച്ച് അമ്മയുടെയും ഭാര്യയുടെയും മുന്നിലായിരുന്നു ആക്രമണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കേസിൽ അന്വേഷണം നടന്നത്.
കേസിൽ ആകെ 20 പ്രതികളാണുള്ളത്. ഇവരിൽ ഒരാൾ പിന്നീട് കൊല്ലപ്പെട്ടു. പ്രതികൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണെന്നാണ് കേസ് സംബന്ധിച്ച ആരോപണം. കേസിലെ കോടതി വിധി രാഷ്ട്രീയമായി സിപിഎമ്മി നുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
