‘തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിൽ കൃത്രിമം’; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് വോട്ടിങ് സംവിധാനം പുന:സ്ഥാപിക്കണമെന്ന പൊതുതാല്പര്യ ഹർജി സുപ്രീം കോടതി തള്ളി. നിങ്ങൾ വിജയിച്ചാല്‍ ഇവിഎമ്മുകള്‍ നല്ലതെന്നും, തോല്‍ക്കുമ്പോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് ഡോ കെ എ പോൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കാൻ താല്പര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനെ അറിയിച്ചു.

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോൺ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. 150 ഓളം രാജ്യങ്ങളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നത് ബാലറ്റ് പേപ്പറിലൂടെയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. വിഷയം വളരെ പ്രധാനപ്പെട്ടതാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എംഎൽഎ വൈ എസ് ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയ നേതാക്കൾ പോലും ഇവിഎം ഉപയോഗത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഹർജിക്കാരനായ പോൾ പറഞ്ഞു.

എന്നാൽ ചന്ദ്രബാബു നായിഡുവും ജഗൻ മോഹൻ റെഡ്ഡിയും തോൽക്കുമ്പോൾ മാത്രമാണ് ഇവിഎമ്മുകളിൽ കൃത്രിമം നടന്നു എന്ന് ആരോപിക്കുന്നത്. അവർ വിജയിക്കുമ്പോൾ ഇവിഎമ്മുകൾക്കെതിരെ ആരോപണം നടത്തുന്നില്ല. ഈ സാഹചര്യത്തെ എങ്ങനെയാണ് കാണുന്നതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു.  മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നതില്‍ എന്തിനാണ് എതിര്‍പ്പെന്നും സുപ്രീം കോടതി ചോദിച്ചു. ഈ വാദങ്ങളെല്ലാം ഉന്നയിക്കാനുള്ള വേദി കോടതിയല്ലെന്നും ബെഞ്ച് ഹർജിക്കാരനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!