ഇഡിയുടെ പേരിൽ വ്യാജ സമൻസുണ്ടാക്കി തട്ടിപ്പ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ…

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പേരില്‍ വ്യാജ സമന്‍സ് നിര്‍മ്മിച്ച്‌കോടികളുടെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.

പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. മഞ്ജിത്ത് ലാലിനെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

കേസില്‍ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ രാജേന്ദ്രന്‍ വെള്ളപ്പാലത്തുമായി എസ്.എച്ച്‌.ഒ. സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

ഇ.ഡി. ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്താനും തട്ടിപ്പ് നടത്താനും പ്രതികള്‍ വ്യാജ സമന്‍സുകള്‍ തയ്യാറാക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവേയാണ് സി.ഐ മഞ്ജിത്ത് ലാലിന് പ്രതികളുമായി അടുത്ത സാമ്പത്തിക ബന്ധമുണ്ടെന്ന നിര്‍ണ്ണായക വിവരം പുറത്തുവരുന്നത്.

അറസ്റ്റിലായ രാജേന്ദ്രനും പോലീസുകാരനും തമ്മില്‍ പണമിടപാടുകള്‍ നടന്നതിന്റെ രേഖകളും വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പോലീസ് സേനയ്ക്ക് ആകെ അപമാനമുണ്ടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും സ്ഥാപനത്തില്‍ നിന്നും കോടികള്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് വ്യാജ സമന്‍സുമായി എത്തിയപ്പോഴാണ് രാജേന്ദ്രന്‍ വെള്ളപ്പാലത്ത് പിടിയിലാകുന്നത്. സൊസൈറ്റി ഭാരവാഹിയെ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഇ.ഡിയിലെ സ്വാധീനം ഉപയോഗിച്ച്‌ കേസ് ഒതുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

എന്നാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സൊസൈറ്റി ഭാരവാഹികള്‍ വിവരം നല്‍കിയതോടെയാണ് പ്രതി പോലീസ് പിടിയിലായത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെ തട്ടിപ്പിന്റെ വിപുലമായ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പരിശോധിച്ചപ്പോള്‍ ഇ.ഡി. അന്വേഷണം നേരിടുന്ന മറ്റൊരു സഹകരണ സംഘത്തിന്റെ പേരിലുള്ള കൂടുതല്‍ സമന്‍സുകളും കണ്ടെത്തി.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലുള്ളതാണ് കണ്ടെത്തിയ മറ്റ് വ്യാജ രേഖകള്‍.പ്രതികള്‍ ഇതുപോലെ എത്രത്തോളം വ്യാജ സമന്‍സുകള്‍ നിര്‍മ്മിച്ച്‌ തട്ടിപ്പ് നടത്തിയെന്ന കാര്യം അന്വേഷണസംഘം പരിശോധിച്ച്‌ വരികയാണ്.

ഇ.ഡി. റഡാറിലുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ രാജേന്ദ്രന് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നേരിടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ മറ്റ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു.

പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയ ഇത്തരം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വ്യാജ സമന്‍സ് നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കണ്ണൂര്‍ സ്വദേശി ജിജിത്തിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ പേര് ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് നടന്ന വന്‍ തട്ടിപ്പ് പരമ്പരയുടെ ചുരുളഴിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.

നിലവില്‍ പിടിയിലായ രാജേന്ദ്രനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ ഉന്നതരുടെയും ഇടനിലക്കാരുടെയും വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് തയാറെടുക്കുകയാണ്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ കോളുകളും പോലീസ് വിദഗ്ദ്ധമായി പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!