തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിന്‍റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിനകത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
മത്സരത്തിന് എത്തുന്ന കാണികൾക്കായി പ്രവേശനാനുമതിയില്ലാത്ത നിരോധിത വസ്തുക്കളുടെ വിശദമായ പട്ടിക കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഓ) പുറത്തുവിട്ടു.
പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെൽഫി സ്റ്റിക്ക്, നാണയങ്ങൾ എന്നിവയടക്കം സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടില്ല. കാണികൾ സാധാരണയായി കരുതുന്ന വിസിൽ, ഗ്ലാസ് ബോട്ടിലുകൾ, കുട, ഹെൽമറ്റ് എന്നിവയ്ക്കും പൂർണ്ണ വിലക്കുണ്ട്.
ഡി.എസ്.എൽ.ആർ ക്യാമറകൾ, വീഡിയോ റെക്കോർഡറുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവേശിപ്പിക്കില്ല. ആയുധങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ, പടക്കങ്ങൾ, മാരക രാസവസ്തുക്കൾ എന്നിവയുമായി എത്തുന്നത് കർശനമായി തടയും.
ഇതിനുപുറമേ ലേസർ പോയിന്ററുകൾ, ഡ്രോണുകൾ എന്നിവയും സ്റ്റേഡിയം വളപ്പിൽ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണപദാർത്ഥങ്ങൾ, ടിന്നുകൾ, മദ്യം ഉൾപ്പെടെയുള്ള പാനീയങ്ങൾ എന്നിവയും അകത്തേക്ക് അനുവദിക്കില്ല.
