കോഴിക്കോട്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിര്‍ത്തണമെന്ന് ആവര്‍ത്തിച്ച് സമസ്ത. ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി സമസ്തയെയും വിശ്വാസികളെയും നശിപ്പിക്കും. അവരോട് അകലം പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി വിവിധിയിടങ്ങളില്‍ യുഡിഎഫ് സഖ്യമുണ്ട്.
മറ്റ് നിലയ്‌ക്കൊക്കെ പ്രവര്‍ത്തിച്ചുനോക്കി ആളെക്കിട്ടാതെ വന്നപ്പോഴാണ് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുമായി വന്നത്. എവിടെയുമില്ലാത്ത പാര്‍ട്ടിയുമായി കൂട്ടുപിടിക്കരുത്. രാഷ്ട്രീയത്തിന്റെ പേരില്‍ നുഴഞ്ഞുകയറാനാണ് അവര്‍ ശ്രമിക്കുക. അങ്ങനെ വന്നാല്‍ സമസ്തയെയും വിശ്വാസികളെയും ഇസ്ലാമിനെയാകെയും അവര്‍ തകര്‍ക്കും, ഉമര്‍ ഫൈസി മുക്കം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മലപ്പുറം ജില്ലയില്‍ മാത്രം മുപ്പതോളം തദ്ദേശ സ്ഥാപനങ്ങളിലാണ് യുഡിഎഫ് സഖ്യമുള്ളത്. മലപ്പുറം കോഡൂര്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ഥിയെ യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി, ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
പൊന്‍മുണ്ടത്താണ് മുസ്ലീംലീഗ്- വെല്‍ഫെയര്‍ സഖ്യം ആദ്യം പ്രഖ്യാപിച്ചത്. നാല് സീറ്റാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കൂട്ടിലങ്ങാടിയിലുള്ളത്. വളാഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും അങ്ങാടിപ്പുറം, മേലാറ്റൂര്‍, മക്കരപ്പറമ്പ്, വെട്ടത്തൂര്‍, വെട്ടം, കീഴാറ്റൂര്‍, ഏലംകുളം, പറപ്പൂര്‍, കണ്ണമംഗലം, എടപ്പാള്‍, എടയൂര്‍, മമ്പാട്, പഞ്ചായത്തുകളിലും സഖ്യം ഉറപ്പിച്ചു. പടപ്പറമ്പ്, നിറമരുതൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനുവേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടിയാണ് മത്സരിക്കുന്നത്.
വെട്ടത്ത് ജമാഅത്തെ ബന്ധത്തില്‍ പ്രതിഷേധിച്ച് ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കര്‍ പറവണ്ണ രാജിവെച്ച് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ പി പി റഹ്മത്തുള്ള രാജിവെക്കുകയും ചെയ്തു.
നന്നമ്പ്രയിലെ സിറ്റിങ് സീറ്റ് വെല്‍ഫെയറിന് നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവ് ഫൈസല്‍ കുഴിമണ്ണ വിമതനാവുകയും ചെയ്തു. കൂട്ടിലങ്ങാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നാണ് യുഡിഎഫ് ഭരണം. പറപ്പൂരില്‍ വെല്‍ഫെയര്‍ അംഗം സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ആയിരുന്നു. 2020ല്‍ പലയിടത്തും സ്വതന്ത്രരായാണ് വെല്‍ഫെയര്‍ മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം ചിഹ്നത്തിലാണ്.
