സഞ്ജുവോ, വൈഭവോ? ആരായിരിക്കും ഓപ്പണർ!

ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബർ 13 ഞായറാഴ്ച ആരംഭിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവർ ടീമിലുണ്ട്. പ്ലെയിങ് ഇലവനിൽ ഇതിൽ ആരെ ഉൾക്കൊള്ളിക്കും പുറത്തിരുത്തും എന്ന കാര്യത്തിലാണ് ടീം മാനേജ്മെന്റ് തല പുകയ്ക്കുന്നത്.

ഇന്ന് നിർബന്ധിത പരിശീലന സെഷൻ ഉണ്ടായിരുന്നില്ല. താത്പര്യമുള്ളവർക്ക് മാത്രം പരിശീലനം നടത്താം എന്ന ഓപ്ഷനായിരുന്നു താരങ്ങൾക്ക്. അതിനാൽ മൂന്ന് ഇന്ത്യൻ താരങ്ങൾ മാത്രമാണ് ഇന്ന് പരിശീലനത്തിന് ഇറങ്ങിയത്. വൈഭവ്, അഭിഷേക്, തിലക് വർമ എന്നിവർ മാത്രമാണ് പരിശീലനത്തിന് എത്തിയത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ബൗളിങ് കോച്ച് മോണി മോർക്കൽ, ബാറ്റിങ് കോച്ച് സീതാംശു കൊട്ടക് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു താരങ്ങളുടെ പരിശീലനം. നെറ്റ്സിൽ ആദ്യം ബാറ്റ് ചെയ്തത് വൈഭവാണ്. ബാറ്റിങ് കോച്ചുമായി താരം ദീർഘനേരം സംഭാഷണത്തിലും ഏർപ്പെട്ടു. വൈഭവ് പിന്നീട് ക്യാച്ചിങ്, ഫീൽഡിങ് പരിശീനവും നടത്തി പിന്നാലെ മഴ എത്തിയതോടെ താരങ്ങൾ പരിശീലനം അവസാനിപ്പിച്ചു.

പരിശീലനത്തിനു ഇറങ്ങിയ സാഹചര്യത്തിൽ വൈഭവ് ആദ്യ മത്സരം കളിക്കാനുള്ള സാധ്യതയാണ് കാണുന്നത്. അഭിഷേകിനൊപ്പം വൈഭവിന്റെ ആക്രമണോത്സുക ബാറ്റിങ് വേണമോ അതോ സഞ്ജുവിന്റെ ശൈലി തിരഞ്ഞെടുക്കണമോ എന്ന കാര്യമാണ് ടീം മാനേജ്മെന്റിനെ കുഴപ്പിക്കുന്നത്. എന്തായാലും കടുത്ത തീരുമാനം തന്നെ ഇക്കാര്യത്തിൽ മാനേജ്മെന്റ് എടുക്കേണ്ടി വരും

മൂന്ന് പേരേയും ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതു തന്നെ വലിയ ഭാഗ്യമാണ്. തങ്ങളുടെ മേഖലയിൽ മൂവരും മികച്ചു നിൽക്കുന്ന താരങ്ങളാണ്. തുടരെ മികച്ച പ്രകടനവും നടത്തുന്നുണ്ട്. എന്തായാലും എടുക്കാനുള്ളത് കടുത്ത തീരുമാനം തന്നെയാണ്. ആർക്ക് അവസരം നൽകിയാലും ടീമിന്റെ മികവിനു വേണ്ടിയാണ്. പുറത്തിരിക്കുന്ന കളിക്കാർക്കും ആത്മവിശ്വാസം നൽകേണ്ടത് പരിശീലകന്റെയും ക്യാപ്റ്റന്റേയും ഉത്തരവാദിത്വമാണ്- ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മത്സരത്തിനു മുന്നോടിയായി വ്യക്തമാക്കി

ആദ്യമായി ടി20 നായകനാകുകയാണ് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സാദ്രാൻ. താരവും വൈഭവിന്റെ ബാറ്റിങിനെ അഫ്ഗാനിസ്ഥാൻ കരുതിയിരിക്കുന്നുണ്ടെന്നും താരത്തെ പൂട്ടാൻ കൃത്യമായ പ്ലാനുകൾ ടീം തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ഐപിഎല്ലിൽ 776 റൺസ് അടിച്ച് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതിനു പിന്നാലെയാണ് 15കാരൻ വണ്ടർ കിഡ് ഇന്ത്യൻ സീനിയർ ടീമിലെത്തിയത്. റെക്കോർഡ് നേട്ടത്തോടെ അരങ്ങേറിയ വൈഭവിന്റെ തുടക്കം മികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നു 14, 13, 15 സ്കോറുകൾ മാത്രമാണ് താരം നേടിയത്. എന്നാൽ പിന്നാലെ നടന്ന സിംബാബ്‍വെക്കെതിരായ പരമ്പരയിൽ താരം മികവിലേക്ക് ഉയർന്നു. പരമ്പരയിൽ 18 പന്തിൽ അർധ സെഞ്ച്വറിയും 49 പന്തിൽ 81 റൺസ് വാരിയും ആകെ 151 റൺസ് എടുത്ത് പരമ്പരയുടെ താരമായും വൈഭവ് മാറി.

ഓപ്പണിങ് സഖ്യത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനു പുറമേ ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനു മുന്നോടിയായി കളിക്കാരുടെ പരിക്ക് കൂടുന്നതും ആശങ്ക നിലനിൽക്കുന്ന സാഹചര്യമാണ്. ജസ്പ്രിത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി എന്നിവർ അഫ്ഗാനെതിരായ പോരിൽ തിരിച്ചെത്തുന്നത് പരിക്ക് മാറിയാണ്. ഇടവേളയ്ക്കു ശേഷമാണ് ഇവരെല്ലാം കളിക്കാനൊരുങ്ങുന്നത്. അതിനാൽ തന്നെ ഹർഷിത് റാണയ്ക്ക് വീണ്ടും പരിക്കേറ്റതു പോലെ ഈ താരങ്ങൾക്ക് പരിക്കേൽക്കാതെ ഇരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അനിവാര്യതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!