മൂന്ന് വയസുകാരനെ ക്ലാസ് മുറിയിൽ കെട്ടിയിട്ടു… അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ…

ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിൽ കെട്ടിയിട്ട സംഭവത്തിൽ അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ പോലീസ് കേസെടുത്തു.

തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. അധ്യാപിക പറയുന്നത് അനുസരിക്കാതിരിക്കുകയും വികൃതി കാണിക്കുകയും ചെയ്തെന്നാരോപിച്ചാണ് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടത്.

സ്കൂളിലെ വനിതാ അറ്റൻഡറാണ് കുട്ടിയെ കെട്ടിയിട്ടതെന്നും അധ്യാപിക സമീപത്ത് സാക്ഷിയായി നിന്നിരുന്നുവെന്നുമാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനകൊണ്ട് നിലവിളിക്കുന്നതും കാണാം. ഇതിനിടെ കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതും ദൃശ്യങ്ങളിലുണ്ട്.

വിനൈൽ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കുട്ടി താഴെ വീണതിനെ തുടർന്നാണ് പരിക്കേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെയാണ് പിതാവ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. അധ്യാപികയും വനിതാ അറ്റൻഡറും തന്നെ ഉപദ്രവിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞു.

തുടർന്ന് സ്കൂളിലെത്തി ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പിതാവ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തിരുത്തുറൈപൂണ്ടി പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ അധ്യാപികയെയും വനിതാ അറ്റൻഡറെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!