കോട്ടയത്ത് സിവിൽ പൊലീസ് ഓഫീസർക്ക് മോഷ്ടാവിൻ്റെ കുത്തേറ്റു

കോട്ടയം  : എസ്.എച്ച് മൗണ്ടിൽ മോഷണക്കേസ് പ്രതിയെ പിടികൂടാൻ പോയ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സനു ഗോപാലിനാണ് കുത്തേറ്റത്.

ഇന്ന് (ഞായറാഴ്ച) വൈകിട്ട് അഞ്ചുമണിയോടെ എസ്.എച്ച് മൗണ്ട് ഭാഗത്ത് മോഷണക്കേസ് പ്രതിയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു.  പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേറ്റതെന്നാണ് ലഭിക്കുന്ന വിവരം.

സിവിൽ പൊലീസ് ഓഫിസറെ കുത്തിയത് ചുങ്കത്ത് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതി.

കേസിലെ പ്രതിയായ അരുൺബാബുവാണ് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അരുൺ ബാബുവിനെ ഗാന്ധിനഗർ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

ഇയാളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സനു ഗോപാലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ച് അഞ്ചിനാണ് ചുങ്കം മള്ളൂശേരിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ കയറി കെട്ടിയിട്ട് പ്രതി മോഷണം നടത്തിയത്. മൂന്ന് പവൻ സ്വർണവും രണ്ടായിരത്തോളം രൂപയുമാണ് ചുങ്കം മള്ളൂശേരി കോയിത്തറ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ സോമാ ജോസിനെ (65) കെട്ടിയിട്ട് പ്രതി കവർന്നത്. ഈ പ്രതി ഒളിവിൽ കഴിയുന്ന വിവരം അറിഞ്ഞാണ് ഗാന്ധിനഗർ പൊലീസ് സംഘം എസ്.എച്ച് മൗണ്ടിനു സമീപത്തെ ഗ്രൗണ്ടിൽ എത്തിയത്.

ഈ സമയം പ്രതി അപ്രതീക്ഷിതമായി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസുകാരന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സാഹസികമായി പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!