തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന സിപിഐയുടെയും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെയും പ്രസ്താവന തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
അബദ്ധം സംഭവിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ ഒപ്പിടേണ്ടിവന്ന സാഹചര്യം നേരത്തെ തന്നെ വിശദീകരിച്ചതാണെന്നും ഇക്കാര്യത്തിൽ തന്റെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിട്ടത് പ്രത്യേക സാഹചര്യത്തിലായിരുന്നു.
കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് കേരളത്തിന് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ധാരണാപത്രത്തിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്നത് ശരിയാണ്. എന്നാൽ, പദ്ധതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമാണ് അതിൽ നിന്ന് പിന്മാറിയതെന്നും ശിവൻകുട്ടി വിശദീകരിച്ചു.
നിലപാട് വ്യക്തമാക്കിയിട്ടും സിപിഐ എന്തുകൊണ്ടാണ് വിഷയം ആവർത്തിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വിമർശിച്ചു. കാവിവത്കരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് സിപിഐ പറയുന്നില്ല. എപ്പോഴും പിഎം ശ്രീ മാത്രം മനസ്സിൽ കൊണ്ടുനടക്കുന്നത് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സർക്കാർ രൂപീകരിച്ച ഉപസമിതിയുടെ പ്രവർത്തനങ്ങൾ മരവിച്ചുകിടക്കുന്നതിലും ശിവൻകുട്ടി വിമർശനം ഉന്നയിച്ചു.
പിഎം ശ്രീയിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയതാണെന്നും മന്ത്രിസഭയിൽ വിഷയം ചർച്ച ചെയ്തിരുന്നില്ലെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ചർച്ച നടത്താതെയും തീരുമാനമെടുക്കാതെയും ധാരണാപത്രത്തിൽ ഒപ്പിട്ടത് ശരിയായില്ലെന്നും പിന്നീട് തീരുമാനം തിരുത്തിയെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ധാരണാപത്രത്തിൽ ഒപ്പിട്ടത് രഹസ്യമായല്ലെന്നും മുന്നണിയിൽ ചർച്ച ചെയ്താണ് പിന്മാറാൻ തീരുമാനിച്ചതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു.
