ന്യൂ ചണ്ഡീഗഢ്: ഐപിഎൽ ഒഴിവാക്കി ഇംഗ്ലണ്ടിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച രാജസ്ഥാൻ റോയൽസ് താരം സാം കറനെതിരെ ഗുരുതര ആരോപണങ്ങളുമായി പരിശീലകൻ കുമാർ സംഗക്കാര. ചെന്നൈ സൂപ്പർ കിങ്സിൽ നിന്നു ഈ സീസണിൽ രാജസ്ഥാനിലെത്തിയ സാം കറൻ പരിക്കേറ്റതിനെ തുടർന്നു ടൂർണമെന്റിനു മുൻപ് തന്നെ ഈ സീസൺ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ ഐപിഎൽ നടക്കുന്നതിനിടെ താരം ഇംഗ്ലണ്ടിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ചതാണ് സംഗക്കാരയെ പ്രകോപിപ്പിച്ചത്. രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു രാജസ്ഥാൻ പരാജയപ്പെട്ടതിനു പിന്നാലെയാണ് സംഗക്കാര താരത്തിനെതിരെ രംഗത്തെത്തിയത്.
രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തം പാളയത്തിലെത്തിച്ചത് ചെന്നൈ താരങ്ങളായ രവീന്ദ്ര ജഡേജയേയും ഒപ്പം സാം കറനേയും രാജസ്ഥാനു നൽകിയാണ്. പിന്നാലെ പരിക്കിനെ തുടർന്നു സീസൺ മുഴുവൻ കറനു നഷ്ടമായി. സാം കറനു പകരം ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെയാണ് രാജസ്ഥാൻ കൊണ്ടു വന്നത്. 2 കോടി രൂപയ്ക്കെത്തിച്ച ഷനക പ്രതീക്ഷിച്ച പോലെ തിളങ്ങാഞ്ഞത് ടീമിനു തിരിച്ചടിയുമായി. പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി സംഗക്കാര കറനെതിരെ തുറന്നടിച്ചത്. സാം കറനെതിരെ കടുത്ത നടപടി വേണമെന്നു സംഗക്കാര വ്യക്തമാക്കി.
‘ഈ സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരുമെന്നാണ് സാം കറൻ ഞങ്ങളോടു പറഞ്ഞത്. എന്നാൽ ടി20 ബ്ലാസ്റ്റ് ലീഗിൽ സറെയ്ക്കു വേണ്ടി രണ്ടോ, മൂന്നോ മത്സരങ്ങൾ കളിക്കുന്നത് ഞാൻ കണ്ടു. ഇക്കാര്യത്തിൽ കടുത്ത നടപടികൾ തന്നെ വേണം. ബിസിസിഐ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവർക്കും പരിക്ക് സംഭവിക്കാം. ഗുരുതരമാണെങ്കിൽ അത് നമുക്കും മനസിലാകും’- സംഗക്കാര തുറന്നടിച്ചു.
രാജസ്ഥാൻ താരങ്ങളെല്ലാം ടൂർണമെന്റിൽ നന്നായി തന്നെ കളിച്ചെന്നും മികച്ച പ്രകടനങ്ങൾ കണ്ടെന്നും സംഗക്കാര വ്യക്താക്കി. ടീമിനു ഫൈനലിലെത്താൻ അവസരമുണ്ടായിരുന്നു. എന്നാൽ രാജസ്ഥാനേക്കാൾ മികവോടെ കളിക്കാൻ ഗുജറാത്തിനു സാധിച്ചെന്നു അതുകൊണ്ടു തന്നെ അവർ ഫൈനലിലെത്തിയെന്നും സംഗക്കാര കൂട്ടിച്ചേർത്തു.
താര ലേലത്തിൽ ചെറിയ തുകയ്ക്കു വിറ്റുപോയ ശേഷം ഐപിഎൽ കളിക്കാതിരിക്കുന്ന താരങ്ങൾക്കെതിരെ കടുത്ത നടപടിയാണ് ബിസിസിഐ സ്വീകരിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ ഐപിഎൽ കളിക്കാതിരുന്നാൽ വിദേശ താരങ്ങളെ രണ്ട് വർഷത്തേക്കു വിലക്കാൻ സാധിക്കും.
ലേലത്തിൽ പങ്കെടുത്ത ശേഷം ഐപിഎൽ കളിക്കാതിരുന്ന ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിനു നിലവിൽ ഐപിഎൽ വിലക്കുണ്ട്. ദേശീയ ടീമിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടി ഐപിഎൽ കളിക്കാനാകില്ലെന്നായിരുന്നു ബ്രൂക്കിന്റെ ന്യായീകരണം.
ഈ സീസണിൽ തന്നെ 2 കോടിയ്ക്കു ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ബെൻ ഡക്കറ്റും ഐപിഎൽ കളിക്കാൻ ഇന്ത്യയിലേക്ക് വന്നില്ല. ബ്രൂക്കിനെ പോലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യം വ്യക്തമാക്കിയാണ് താരവും ഐപിഎൽ ഒഴിവാക്കിയത്.
