Special Story, Team’ Bharath
കോട്ടയം : സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്ന കാവൽക്കാരായ പതിനായിരക്കണക്കിന് സെക്യൂരിറ്റി ജീവനക്കാരുടെ ജീവിതം നരകതുല്യമായിട്ട് കാലങ്ങളേറെയായി. ഇവർക്ക് സർക്കാരിൽ നിന്നോ സ്ഥാപന ഉടമകളിൽ നിന്നോ കാരുണ്യത്തിന്റെ ഒരു കണിക പോലും ലഭിക്കുന്നുമില്ല.
വിവിധ തൊഴിൽ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഇതൊന്നും ഇവർക്ക് ബാധകവുമല്ല. നിയമപ്രകാരം ഒരു തൊഴിലാളിയുടെ ജോലി സമയം എട്ട് മണിക്കൂറാണ്. എന്നാൽ ഇവർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്നത് 12 മണിക്കൂറാണ്. കൊടും ചൂടിൽ ഉരുകിയൊലിച്ചും രാത്രിയിൽ കണ്ണ് ചിമ്മാതെയും കൃത്യനിർവഹണം ചെയ്യാൻ വിധിക്കപ്പെട്ട ഇവർക്ക് ഒന്നിരിക്കാൻ പോലും പലരും അനുവാദം നൽകാറുമില്ല.
നിശ്ചിത സമയത്തിന് ശേഷം ജോലി ചെയ്താൽ ഓവർ ടൈമിന് വേതനം നല്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല.
പൊതുമേഖലാ ബാങ്കുകളിൽ നേരിട്ട് നിയമിക്കപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനവും ആനകൂല്യങ്ങളും ലഭിക്കാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ, സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾ മുഖാന്തിരം നിയമിക്കപ്പെടുന്നവർക്ക് 12 മണിക്കൂർ ജോലി ചെയ്താലും പ്രതിമാസം ലഭിക്കുന്നത് ഏറിയാൽ പരമാവധി 9000-12000 രൂപയാണ്.
സെക്യൂരിറ്റി ജീവനക്കാരെ റിക്രൂട്ട്‌മെന്റ് നടത്തുന്ന നൂറുകണക്കിന് ഏജൻസികൾ സംസ്ഥാനത്തുനീളം പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ വാഗ്ദാനങ്ങളിൽ കുരുങ്ങിയാണ് പലരും സെക്യൂരിറ്റി കുപ്പായമണിയുന്നത്. എന്നാൽ തൊഴിൽ ദാതാക്കളിൽ നിന്നും 10,000 മുതൽ 15,000 രൂപ വരെ വസൂലാക്കുന്ന ഈ എജൻസികളിൽ ബഹുഭൂരിപക്ഷവും ഇവരെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുകയാണ്.
വിമുക്തഭടന്മാർക്ക് മുൻഗണന, ജോലിസമയം എട്ട് മണിക്കൂർ ശമ്പളം 20000, 25000 എന്നൊക്കെ പറഞ്ഞാണ് സെക്യൂരിറ്റി ജീവനക്കാരെ ഏജൻസികൾ വലവീശി പിടിക്കുന്നത്.
ഇവരുടെ വലയിൽ വീഴുന്നവരിൽ ഭൂരിഭാഗവും നിത്യവരുമാനത്തിന് മാർഗമില്ലാത്ത 60നും 75നും ഇടയിൽ പ്രായമുള്ളവരാണ്. സെക്യൂരിറ്റി സേവനത്തിനിടയിൽ ഗേറ്റ് തുറക്കാൻ താമസിച്ചതിന് ഉടമ കാറിടിപ്പിച്ച് കൊന്നതും മോഷ്ടാക്കളുടെ ആക്രമണത്തെ തുടർന്ന് നിരവധി പേർ കൊല്ലപ്പെട്ടതും സംസ്ഥാനത്ത് തനിയാവർത്തനമാ ണെന്നതും വിസ്മരിക്കാനാകില്ല.
ഏതാണ്ട് രണ്ട് ലക്ഷത്തോളം വരുന്ന ഇവരുടെ വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇവർക്കു വേണ്ടി സിപിഎമ്മും കോൺഗ്രസും യൂണിയനുകളുമുണ്ടാക്കി. ഇതേ തുടർന്ന് 2014ൽ ഈ സംഘടനകൾ ഭീമഹർജി സർക്കാരിനു നല്കി. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. രാഷ്ട്രീയ പിന്തുണയില്ലാത്ത സ്വതന്ത്ര സംഘടനകളും ഇവർക്കിടയിൽ സജീവമാണ്.
