കോട്ടയം : പാത്രിയർക്കീസ് ബാവയുടെ സഭാ ഐക്യാഹ്വാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഐക്യാഹ്വാനം വാക്കുകളിൽ മാത്രം ഒതുങ്ങാതെ അതിനാവശ്യമായ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും ഓർത്തഡോക്സ് സഭ മാധ്യമവിഭാഗം മേധാവി യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്ത. ദേവലോകം അരമനയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈക്കിന് മുന്നിൽ ഐക്യത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നതുകൊണ്ടുമാത്രം സഭാപ്രശ്നത്തിന് പരിഹാരമാകില്ല. രാജ്യത്തെ നിയമവും സഭയുടെ ഭരണഘടനയും പാലിക്കപ്പെടണം. മണർകാട് പള്ളി മലങ്കര സഭയുടെ പള്ളിയാണെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായി രിക്കണം സഭാപ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പാത്രിയർക്കീസ് ബാവ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്തേക്ക് വരാൻ തീരുമാനിച്ചാൽ അതിനെ സ്വാഗതം ചെയ്യും. സഭാപ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെ ങ്കിലും പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായതായി കണ്ടില്ല. രാജ്യത്തിന്റെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നവർ രാജ്യത്തെ നിയമങ്ങൾ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യനിയമവും സഭയുടെ ഭരണഘടനയും ഒരുപോലെ പാലിക്കണമെന്നതാണ് ഓർത്തഡോക്സ് സഭയുടെ ഉറച്ച നിലപാട്. സഭാപ്രശ്നത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് കൃത്യമായി വ്യക്തമാക്കിയ ഏക രാഷ്ട്രീയ പാർട്ടി ബിജെപിയാണ് എന്ന് മാധ്യമപ്രവർത്ത കരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഓർത്തഡോക്സ് സഭ ഒരു ദേശീയ സഭയാണെന്നും സഭയുടെ ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകേണ്ടതാ ണെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇത്തരത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.
ഓർത്തഡോക്സ് സഭയിൽനിന്ന് ആരെയെങ്കിലും മന്ത്രിയാക്കണമെന്ന ആവശ്യം സഭയ്ക്കില്ല. സഭയ്ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾ ലഭിച്ചാൽ മാത്രം മതി. ആരെയെങ്കിലും മന്ത്രിയാക്കണമെന്ന് സർക്കാരിന് തോന്നിയാൽ അത് സർക്കാരിന്റെ തീരുമാനമാണ്. ഇക്കാര്യത്തിൽ സഭയ്ക്ക് ഒരുകാലത്തും ശാഠ്യമുണ്ടാകില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി.
സർക്കാരിന്റെ പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ചില കാര്യങ്ങളിൽ സർക്കാർ നല്ല പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മറ്റു ചില വിഷയങ്ങളിൽ സഭയ്ക്ക് വിയോജിപ്പുണ്ടെന്നും യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്ത പറഞ്ഞു.
