അഭിമാനമായി കോദണ്ഡരാമക്ഷേത്രം,ജഡായു സാമൂഹ്യ മാധ്യമങ്ങളിൽ നിറയുമ്പോൾ ജഡായുപ്പാറയും ധന്യതയിൽ…

ചടയമംഗലം (കൊല്ലം) : ത്രേതായുഗ പ്രൗഢിയിലേക്ക് പറന്നുയര്‍ന്ന് ജടായുപ്പാറ ശ്രീ കോദണ്ഡരാമ ക്ഷേത്രം. ബോളിവുഡിൽ തരംഗമായി മാറിയിരിക്കുന്ന രാമായണം മെഗാ സിനിമയിലൂടെ വൈറലായി മാറിയ ജഡായുവിൻ്റെ ഓർമ്മകൾ തുടിക്കുന്ന കൊല്ലം ജില്ലയിലെ ചടയമംഗലം ജഡായുപ്പാറ ഇന്ന് ലോക ശ്രദ്ധ ആകർഷിക്കുന്നു.

ജടായുപ്പാറയില്‍
ഉത്തരേന്ത്യന്‍ വാസ്തുവിദ്യയില്‍ പണിതീര്‍ത്ത ശ്രീരാമ ക്ഷേത്രവും ജഡായു ശില്പവും കാണാൻ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തിലാണ് ജടായുപാറ. ഇവിടെയാണ് സ്ത്രീ സംരക്ഷണത്തിനായി പോരാടിയ ജടായു രാവണന്റെ വെട്ടേറ്റ് ചിറകറ്റ് വീണത്. പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടാണ് ജടായുപ്പാറ.
 
ത്രേതായുഗത്തില്‍ ഈ മലമടക്കുകള്‍ക്കു മുകളിലൂടെയാണ് സീതാപഹരണശേഷം രാവണന്റെ പുഷ്പക വിമാനം പറന്നുപോയത്. അപമാനിക്കപ്പെട്ട സീതാമാതാവിന്റെ നിലവിളി മുഴങ്ങിയതും ഇവിടെയാണ്. സ്വന്തം ജീവന്‍ വെടിഞ്ഞ് സീതാമാതാവിന്റെ മാനം രക്ഷിക്കാന്‍ പറന്നുയര്‍ന്ന പക്ഷിശ്രേഷ്ഠന്‍ ചിറകറ്റു വീണതും ഇവിടെത്തന്നെയെന്നാണ് ഐതിഹ്യം.

വീരജടായു രാമദര്‍ശനം കാത്ത്കിടന്ന, രാമപാദമേറ്റിടത്ത് ഇന്ന് വലിയ രാമക്ഷേത്രമുണ്ട്. 'രാമപാദ'വും ജടായുവിന്റെ കൊക്കുരഞ്ഞ് കുളമായി മാറിയ 'കൊക്കരുണി'യും ഇവിടുത്തെ പ്രത്യേകതകളാണ്.
ശ്രീരാമദര്‍ശനം വരെ ജീവന്‍ നിലനിര്‍ത്താന്‍ ജടായു ചുണ്ട് പാറയില്‍ ഉരസി പ്രാണജലപ്രവാഹ മുണ്ടാക്കിയതാണ് കൊക്കരുണി എന്നാണു വിശ്വാസം. ഒരിക്കലും വറ്റാത്ത ഇതിലെ ജലം ഗംഗാതീര്‍ഥമായും ഭക്തര്‍ വിശ്വസിക്കുന്നു.

ജടായുപ്പാറയ്ക്ക് സുവര്‍ണകിരീടം ചാര്‍ത്തിയപോലെ സുന്ദരമാണ് പാറമുകളിലെ കോദണ്ഡരാമ ക്ഷേത്രം.
പ്രമുഖ സംന്യാസിവര്യനായിരുന്ന സ്വാമി സത്യാനന്ദസരസ്വതി 1972-ല്‍ പ്രതിഷ്ഠിച്ച പന്ത്രണ്ടടി ഉയരമുള്ള ശ്രീരാമ പ്രതിഷ്ഠയാണിവിടെയുള്ളത്.
കയ്യേറ്റ മാഫിയകളെ തോല്‍പ്പിച്ച് സ്വാമിയുടെ നേതൃത്വത്തില്‍ നിർമ്മിച്ച ക്ഷേത്രം പുതുക്കി പണി തീര്‍ത്തത് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ക്ഷേത്ര ട്രസ്റ്റാണ്.

ഇവിടെ ഭക്തജനങ്ങള്‍ക്ക് നിത്യവും ഭഗവാനെ ദര്‍ശിക്കുകയും രാമഭക്തരായ വാനരര്‍ക്ക് ഭക്ഷണവും നല്‍കാവുന്നതാണ്.
ബൃഹദ് ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും കല്‍പ്പടവുകളു ടേയും നിര്‍മാണം നടന്നുവരുന്നു. 
ക്ഷേത്രത്തിനോടനുബന്ധിച്ച് ശ്രീരാമ മ്യൂസിയം, ഇന്റ്ര്‍നാഷണല്‍ രാമായണ കേന്ദ്രം എന്നിവയും, വനിതാ ശാക്തീകരണം, അഭയകേന്ദ്രം, സ്വയംതൊഴില്‍ പരിശീലന കേന്ദ്രം, ആശ്രമം അന്നദാന മണ്ഡപം, വിശ്രമകേന്ദ്രം, ഗോശാല, സാംസ്‌കാരിക സമുച്ചയം എന്നിവയടങ്ങുന്ന ബൃഹദ് പദ്ധതിക്കാണ് കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

രാമായണ മാസത്തില്‍ വര്‍ഷം തോറും നടത്തുന്ന രാമായണോത്സവത്തില്‍ ദേശീയതലത്തിലെ പ്രമുഖരാണ് പങ്കെടുക്കുന്നത്. വിവിധ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ദേശീയതലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാകും ജടായുപ്പാറ കോദണ്ഡരാ ക്ഷേത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!