മാവേലിക്കര : വിധിയിൽ സന്തോഷമുണ്ടെങ്കിലും ജീവിതത്തിൽ ഭയവും ആശങ്കയും ബാക്കിയാണെന്ന് കൊല്ലപ്പെട്ട സുജിത്തിന്റെ മക്കൾ പറയുന്നു. കരുവാറ്റ സുജിത്ത് വധക്കേസ്സിൽ വിധി വന്നശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ.
സുജിത് കൊല്ലപ്പെട്ട കേസിൽ അറസ്റ്റാലായ പ്രതികൾ മൂന്ന് മാസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇതിന് ശേഷം സുജിത്തിന്റെ മക്കളേയും കുടുംബത്തെ യും ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സുജിത്തിന്റെ മക്കൾ പറയുന്നത്.
ജീവിക്കാൻ അനുവദിക്കാത്ത നിലയിൽ ആക്രമണം ഉണ്ടായതായി സുജിത്തിന്റെ മകൻ അർജുൻ പറഞ്ഞു. രണ്ടുതവണ ഒന്നാംപ്രതി രാജീവിൽ നിന്ന് ആക്രമണശ്രമം ഉണ്ടായി. ബൈക്കിന് പിന്നാലെ ആക്രമിക്കാനായി കമ്പിയുമായി എത്തുകയും അനുജനായ ആദിത്യനെ അടിക്കുകയും ചെയ്തു. കേസ് പിൻവലിപ്പിക്കാൻ കരുവാറ്റ സ്വദേശിയായ അഭിഭാഷകൻ വഴി ശ്രമം നടത്തിയെന്നും ഇവർ ആരോപിച്ചു.
കേസിൽ നിന്ന് പിന്മാറിയാൽ പകുതി സ്വത്ത് എഴുതിത്തരാമെന്ന് പറഞ്ഞുവെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും ഇവർ പറയുന്നു. ഈ സംഭവങ്ങളിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപിച്ചു.
കൊലപാതക കേസിൽ വിധി വന്നെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും ആക്രമണവും കേസും ഇനിയും ഉണ്ടാകുമോ എന്ന ഭയം ഉണ്ടെന്നും സുജിത്തിന്റെ മക്കൾ പറയുന്നു. അർജുൻ്റെ പത്താം പിറന്നാളിന് മൂന്ന് ദിവസം മുൻപാണ് സുജിത്ത് കൊല്ലപ്പെടുന്നത്.
സുജിത്തിന്റെ അച്ഛനും അമ്മയുമാണ് പിന്നീട് അർജുനേയും അനുജൻ ആദിത്യനെയും വളർത്തിയത്. ഗുജറാത്തിൽ നഴ്സ് ആയി ജോലി ചെയ്യുന്ന അർജുൻ അവധിക്ക് നാട്ടിലെത്തിയതാണ്. ആദിത്യൻ ഐ.ടി.ഐ പഠിക്കുകയാണ്.
സുജിത്തിന്റെ അച്ഛനമ്മമാരും മക്കളായ അർജുനും ആദിത്യനും സഹോദരി സുനിതയും അടുത്ത ബന്ധുക്കളും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. കുടുംബസ്വത്ത് ഭാഗംവയ്ക്കുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുജിത്തിന്റെ അച്ഛൻ പുഷ്പാംഗദനെ രാജീവ് വെട്ടാൻ ശ്രമിച്ചത് തടഞ്ഞ അമ്മ ശോഭയുടെ കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവരുടെ കൺമുന്നിൽ വെച്ചാണ് രാജീവ് സുജിത്തിനെ വെട്ടിയത്.
കേസിലെ ഒന്നും രണ്ടും സാക്ഷികൾ സുജിത്തിന്റെ അച്ഛനമ്മമാർ ആയിരുന്നു. ഒമ്പതര വർഷത്തിന് ശേഷമാണ് ഇപ്പോൾ കേസിൽ വിധി വന്നിരിക്കുന്നത്.
