ടെഹ്‌റാന്‍ : ഇറാന് നേര്‍ക്ക് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയത്.
