പ്രായമാകുമ്പോൾ കാഴ്ചശക്തിക്ക് മങ്ങൽ ഉണ്ടാം. എന്നാൽ ഇനി അതും മറികടക്കാമെന്നാണ് ടഫ്റ്റ്സ് സർവകലാശാല ഗവേഷകർ പറയുന്നത്. ദിവസവും രണ്ട് പിടി പിസ്ത കഴിക്കുന്നത് പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുമെന്നാണ് പുതിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
എന്താണ് മാക്കുലാർ ഡീജനറേഷൻ?
കണ്ണിന്റെ റെറ്റിനയിലെ മൂർച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോൾ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാർ ഡീജനറേഷൻ. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന് പിസ്ത
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ല്യൂട്ടിൻ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തിൽ ചേർത്ത ആളുകളുടെ മാക്കുലാർ പിഗ്മെന്റ് ഒപ്റ്റിക്കൽ ഡെൻസിറ്റി (MPOD) വെറും ആറ് ആഴ്ചകൾക്കുള്ളിൽ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകർ നിരീക്ഷിച്ചു.
പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല, അവയ്ക്ക് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ റെറ്റിനയിലെന്ന പോലെ ല്യൂട്ടിൻ തലച്ചോറിലെ ചിലയിടങ്ങളിൽ സംഭരിക്കപ്പെടുന്നു, അവിടെ ഓക്സിഡേറ്റീവ് സമ്മർദവും വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. കണ്ണുകൾക്ക് വേണ്ടി മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.