മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലർക്ക് കൈക്കൂലി വാങ്ങുന്നതിനിടയിൽ…

കോഴഞ്ചേരി : മിമിക്രി കലാകാരനും പഞ്ചായത്ത് ഹെഡ് ക്ലർക്കുമായ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിൽ. അയിരൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്കും പത്തനംതിട്ട കുലശേഖരപതി സ്വദേശിയുമായ താജുദ്ദീൻ (50) ആണ് അറസ്റ്റിലായത്.

സ്റ്റേജ് ഷോകളിലും മറ്റും സജീവ സാന്നിധ്യമായ ഇയാളിൽ നിന്ന് കൈക്കൂലി വാങ്ങിയ 5,000 രൂപയും വിജിലൻസ് സംഘം കണ്ടെടുത്തു. വെൺമണി സ്വദേശിയായ മത്സ്യവ്യാപാരിയാണ് പരാതിക്കാരൻ.

അയിരൂർ പഞ്ചായത്തിലെ തടിയൂരിൽ മറ്റൊരാൾ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം ഇദ്ദേഹം ഏറ്റെടുക്കുകയും, പഴയ ആളുടെ പേരിലുള്ള ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റുന്നതിനായി പഞ്ചായത്തിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ സാങ്കേതിക കാരണം പറഞ്ഞ് ലൈസൻസ് പുതുക്കി നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. കഴിഞ്ഞ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർ കടയിലെത്തി ലൈസൻസ് ആവശ്യപ്പെടുകയും, ലൈസൻസ് ലഭിക്കാത്തതിനാൽ പഞ്ചായത്ത് ഓഫീസിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് ഹെഡ് ക്ലർക്ക് താജുദ്ദീൻ 20,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ 8,000 രൂപ തന്നാൽ പിഴയിൽ നിന്ന് ഒഴിവാക്കി നൽകാമെന്നും പിന്നീട് ഈ തുക 5,000 രൂപയായി കുറച്ചു നൽകുകയും ചെയ്യാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. ഇതിനെ തുടർന്ന് വ്യാപാരി പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു.

.ഫിനോഫ്തലീൻ മഷി പുരട്ടിയ 5,000 രൂപ വിജിലൻസ് സംഘം വ്യാപാരിക്ക് നൽകുകയും താജുദ്ദീന് കൈമാറാൻ നിർദ്ദേശിക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം വെച്ച് വ്യാപാരി താജുദ്ദീന് പണം കൈമാറി. ഈ സമയം സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഹെഡ് ക്ലർക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെയാണ് ഇയാൾ വിജിലൻസിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!