കോട്ടയം : ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് കങ്ങഴ മഹാദേവ ക്ഷേത്രത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ക്ഷേത്ര ഭരണസമിതിയും വിവിധ ഹൈന്ദവ സംഘടനകളും ചേർന്നൊരുക്കിയ ജന്മനാട്ടിലെ സ്നേഹാദരവിനെ വളരെയേറെ വിനയത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്.
ദീർഘകാലമായി തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിൽ ഉൾപ്പെടെ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നതിനാൽ കങ്ങഴയാണ് അദ്ദേഹത്തിൻ്റെ സ്വദേശമെന്ന അറിവ് പൊതുസമൂഹത്തിന് ഇടയിൽ പരിമിതമായിരുന്നു.
ജന്മനാട്ടിലെ സ്നേഹാദരവിനെ വളരെ വികാരഭരിതനായാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്.
എഫ് ബി പോസ്റ്റ്…… പല നാടുകളിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്നും സ്നേഹാദരവുകളും സ്വീകരണങ്ങളും ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചെങ്കിലും ജന്മനാടായ കങ്ങഴയിൽ ദേശനാഥനായ കങ്ങഴ മഹാദേവന്റെ തിരുസന്നിധിയിൽ ലഭിച്ച ആദരവ് ഹൃദയത്തിൽ പ്രത്യേകമായൊരു സ്ഥാനമാണ് നേടിയത്.ക്ഷേത്ര ഭാരവാഹികളും വിവിധ ഹൈന്ദവ സംഘടനകളും എന്റെ പ്രിയപ്പെട്ട അരീക്കര കുടുംബാംഗങ്ങളും ഒത്തുചേർന്ന് ഒരുക്കിയ ഹൃദ്യമായ സ്വീകരണം മനസ്സ് നിറച്ചു.
ജനിച്ച മണ്ണിൽ, ബാല്യസ്മരണകൾ ഉറങ്ങുന്ന സ്വന്തം നാട്ടിൽ, ദേശദേവതയുടെ തിരുസന്നിധിയിൽ വെച്ച് ലഭിക്കുന്ന അംഗീകാരം കേവലം ഒരു ആദരവല്ല; അത് ജന്മനാടിന്റെ സ്നേഹവും അനുഗ്രഹവും കൂടാതെ കൂടപ്പിറപ്പുകൾ നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനവുമാണ്. സ്വാമി ശരണം🙏
