ഏഴു പതിറ്റാണ്ടിന്റെ കേരളം; ചരിത്രം പുതുക്കി കേരളപ്പിറവി ആഘോഷം…

തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം രൂപംകൊണ്ടിട്ട് ഇന്ന് 70 വർഷം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പുരോഗതി തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം ഏഴു പതിറ്റാണ്ടിന്റെ ചരിത്ര സ്മരണകളോടെയാണ് ഇത്തവണ കേരളപ്പിറവി ആഘോഷിക്കുന്നത്.

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുമുണ്ട്.1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഭാഗമായി മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപംകൊണ്ടത്. തുടർന്ന് നവോത്ഥാനത്തിന്റെയും സാമൂഹിക മാറ്റങ്ങളുടെയും നിരവധി അധ്യായങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്.

ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങൾ തുടങ്ങി കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ നിർണായകമായ നിരവധി മാറ്റങ്ങൾ ഈ കാലയളവിൽ നടപ്പായി.

കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുക.

തലസ്ഥാനത്ത് മാതൃഭാഷാ സ്നേഹവും ജനാധിപത്യത്തിന്റെ ചരിത്രസ്മരണകളും കോർത്തിണക്കിയുള്ള പ്രത്യേക പരിപാടികൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കും.

അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മുൻ നിയമസഭാംഗം എം.ജെ. ജേക്കബിനെയും ചടങ്ങിൽ വിശിഷ്ടമായി ആദരിക്കും.നിയമസഭാ ലൈബ്രറിയിലെ റഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ പുസ്തകപ്രദർശനം രാവിലെ 9.15ന് സ്പീക്കർ ഉദ്ഘാടനം ചെയ്യും. കേരളപ്പിറവി ആഘോഷങ്ങൾക്ക് സാഹിത്യരംഗത്തും പ്രത്യേക പ്രാധാന്യമുണ്ട്. മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ 2026-ലെ എഴുത്തച്ഛൻ പുരസ്കാര പ്രഖ്യാപനവും ഇന്ന് നടക്കും.

ഏഴു പതിറ്റാണ്ടിന്റെ നേട്ടങ്ങളും മാറ്റങ്ങളും ഓർത്തെടുക്കുന്നതിനൊപ്പം പുതിയ കാലത്തിന്റെ പ്രതീക്ഷകളിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും കേരളം ചുവടുവയ്ക്കുകയാണ് …

ഈ കേരളപ്പിറവി ദിനത്തിൽ എല്ലാ വായനക്കാർക്കും, സുഹൃത്തുക്കൾക്കും , ഭാരത് വിഷൻ ന്യൂസിൻ്റെ കേരള പിറവി ദിനആശംസകൾ…🙏🏻🙏🏻

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!