വിപണിവിലയേക്കാൾ കുറഞ്ഞ തുകയ്ക്ക് 36 വില്ലകൾ സ്വന്തമാക്കി; ഐഎഎസ് ഉദ്യോഗസ്ഥനെതിരെ എസിബി അന്വേഷണം

November 1, 2026 Webdesk

ജയ്പുർ : വിപണിമൂല്യത്തേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് തനിക്കും കുടുംബാംഗങ്ങൾക്കുമായി 36 വില്ലകൾ സ്വന്തമാക്കിയെന്ന ആരോപണത്തിൽ രാജസ്ഥാനിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനെതിരെ വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവ്.

പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയ്ക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ ചില കമ്പനികൾക്ക് അനധികൃതമായി ആനുകൂല്യങ്ങൾ നൽകിയെന്നും റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇളവുകൾ അനുവദിച്ചെന്നുമാണ് അഗർവാളിനെതിരായ മറ്റൊരു ആരോപണം. വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലാണ് ഇത്തരം നടപടികളുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

ഇതിലൂടെ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും എസിബി വിലയിരുത്തുന്നു.ഉദയ്പുർ ജില്ലാ കളക്ടർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തുടങ്ങിയ സുപ്രധാന പദവികളും അഗർവാൾ വഹിച്ചിട്ടുണ്ട്. ഉദയ്പുരിലെ ബുജ്ദയിൽ മാത്രം 20 വില്ലകൾ വാങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പത്തുവീതം അഗർവാളിന്റെയും ഭാര്യ പ്രശാഖ മാത്തൂറിന്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓരോ വില്ലയ്ക്കും 15 ലക്ഷം രൂപ വീതമാണ് രജിസ്ട്രേഷൻ രേഖകളിൽ വില കാണിച്ചിട്ടുള്ളത്. ഈ കണക്കുപ്രകാരം മാത്രം 3 കോടി രൂപയുടെ സ്വത്താണ് ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്.അൽവാറിലും സമാനമായ രീതിയിൽ എട്ടു വില്ലകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ നാലെണ്ണം അഗർവാളിന്റെയും നാലെണ്ണം ഭാര്യയുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ രണ്ട് ആൺമക്കളുടെയും ഭാര്യയുടെ മാതാപിതാക്കളുടെയും പേരുകളിലായി നാലു വില്ലകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.

ഇവയുടെ രജിസ്ട്രേഷൻ മൂല്യം 15 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെയാണ്.ബുജ്ദയിലും അൽവാറിലുമായി അഗർവാളുമായും കുടുംബവുമായും ബന്ധമുള്ള ആകെ 36 വില്ലകളാണ് അന്വേഷണപരിധിയിലുള്ളത്.

രേഖകളിൽ രേഖപ്പെടുത്തിയ വില മാത്രം കണക്കാക്കിയാൽ ഈ സ്വത്തുക്കളുടെ ആകെ മൂല്യം 5.52 കോടി രൂപ വരും. എന്നാൽ, വിപണിമൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇവ സ്വന്തമാക്കിയതെന്ന ആരോപണത്തിലാണ് എസിബി വിശദമായ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!