കൊച്ചിയുടെ ആദ്യ വനിതാ സിറ്റി പോലീസ് കമ്മിഷണറായി നിശാന്തിനി ചുമതലയേറ്റു…

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ആർ. നിശാന്തിനി സ്ഥാനമേറ്റു. ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണ് നിശാന്തിനി. മുൻപ്‌ കൊച്ചി സിറ്റി ഡി.സി.പി.യായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചേരാനല്ലൂർ വാഹനാപകടക്കേസിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയതിനെത്തുടർന്നാണ് 2008 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ നിശാന്തിനിയെ സർക്കാർ നിയമിച്ചത്.

മയക്കുമരുന്നിനെതിരേയുള്ള നടപടികൾ ശക്തമാക്കുമെന്നും നഗരത്തിലെ ട്രാഫിക് പ്രശ്നം ജനപങ്കാളിത്തത്തോടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും ആർ. നിശാന്തിനി വ്യക്തമാക്കി. പോലീസിന്‌ നേരേയുണ്ടാവുന്ന ആക്രമണങ്ങൾ ശക്തമായി നേരിടും. നിയമപാലകരെ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്നതിന്‌ അർഥം ശക്തമായ ക്രമസമാധാന സംവിധാനം ഇല്ലെന്നാണ്‌. അതനുവദിക്കില്ല.

നഗരത്തിലെ അനധികൃത സ്പാകൾക്കെതിരായ നടപടി ശക്തമാക്കും. സ്‌ത്രീസുരക്ഷയ്ക്കായി ‘സ്പീക്ക്‌ അപ്പ്‌’ കാംപെയ്‌ൻ ശക്തമാക്കുമെന്നും കമ്മിഷണർ പറഞ്ഞു.

ചേരാനല്ലൂർ വാഹനാപകടക്കേസ്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പോലീസ്‌ വീഴ്ചയെക്കുറിച്ച്‌ പ്രതികരിച്ചില്ല. സെൻട്രൽ സ്റ്റേഷനിലെ എസ്‌.ഐ. എംഡിഎംഎ മോഷ്ടിച്ച കേസിൽ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും നിശാന്തിനി വ്യക്തമാക്കി.

തമിഴ്നാട് സ്വദേശിനിയാണ് പുതിയ കമ്മിഷണർ ആർ. നിശാന്തിനി. കെ.എസ്.ഇ.ബി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യമാണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!