October 31, 2026 Webdesk 1
തിരുവനന്തപുരം: വാമനപുരത്തിന് സമീപം തെരുവുനായയെ വിഷം നൽകി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ 58കാരനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. മുൻ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി ഇടപെട്ടതോടെയാണ് പൊലീസ് നടപടി.
ആനാകുടി ഊന്നൻപാറ സ്വദേശി രജിനെതിരെയാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തത്. വ്യാഴാഴ്ച ആനാകുടി മുളവന സ്കൂളിന് സമീപത്താണ് സംഭവം നടന്നത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന തെരുവുനായയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ‘ഓപ്പറേഷൻ സ്ട്രീറ്റ് ഡോഗ് ഓർഗനൈസേഷൻ’ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. തുടർന്ന് മനേക ഗാന്ധിയെയും വിവരമറിയിച്ചു. പരാതി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് മനേക ഗാന്ധി റൂറൽ എസ്പിയെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. അടിയന്തര അന്വേഷണം നടത്താൻ എസ്പി നിർദേശം നൽകിയതിനു പിന്നാലെയാണ് കേസെടുത്തത്.
നെടുമങ്ങാട് തഹസിൽദാറുടെ സാന്നിധ്യത്തിൽ കുഴിച്ചിട്ട നായയുടെ ജഡം പുറത്തെടുത്ത് വാമനപുരം വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. വിഷം ഉള്ളിൽച്ചെന്നാണ് നായ ചത്തതെന്നാണ് പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവത്തിൽ രജിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ നേരത്തെയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയിരുന്നതായി ആരോപണമുണ്ടെന്നും പൊലീസ് പറഞ്ഞു.
