കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരനായ മകന്റെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ വ്യക്തിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.
അന്വേഷണത്തോട് സഹകരിക്കണമെന്നും ഉച്ചയ്ക്ക് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിനകം നാല് മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ടെന്നും ജഡ്ജിക്കുവേണ്ടി കോടതിയിൽ വാദമുയർന്നു.
ഇതിന് പിന്നാലെ, ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേയെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും കോടതി അന്വേഷണസംഘത്തോട് ചോദിച്ചു. കേസിൽ പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷയിലെ വിശദമായ വാദം പിന്നീട് കേൾക്കും. അതുവരെ അന്വേഷണവുമായി സഹകരിക്കണമെന്നാണ് നിർദേശം. 17കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ പൊലീസ് പ്രതിചേർത്തത്.
മകൻ അറിയിക്കാതെയാണ് വാഹനവുമായി പുറത്തുപോയതെന്നും അപകടസമയത്ത് താൻ ഉറക്കത്തിലായിരുന്നുവെന്നും ജഡ്ജി മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. വാഹനത്തിന്റെ ഉടമസ്ഥത മാത്രം കുറ്റത്തിന് അടിസ്ഥാനമാകില്ലെന്നും അറസ്റ്റ് അനിവാര്യമല്ലെന്നും ഹർജിയിൽ വാദിച്ചിരുന്നു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കും. കേസിൽ ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.
