കോട്ടയം : കോടതിയില്‍ ഭര്‍ത്താവ് സര്‍ക്കാര്‍ വക്കീലായി പ്രതികള്‍ക്കായി പ്രതിരോധം തീര്‍ക്കുമ്പോള്‍, ഭാര്യ സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ വാദിക്കുന്നു! നിയമത്തിന്റെ രണ്ട് വ്യത്യസ്ത വശങ്ങളില്‍ നിലയുറപ്പിച്ച് കുടുംബജീവിതത്തില്‍ ഈ അഭിഭാഷക ദമ്പതിമാര്‍ കോട്ടയത്തിന്റെ നിയമരംഗത്തെ വേറിട്ട കാഴ്ചയാണ്.
കോട്ടയം ജില്ലാ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ ചീഫ് ആയി പ്രവര്‍ത്തിക്കുന്ന അഡ്വ. അനില്‍ ഐക്കരയും ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ പ്രോസിക്യൂട്ടര്‍ അഡ്വ. രശ്മി രമേശുമാണ് ഈ ‘കോടതിക്കുടുംബ’ ത്തിലെ താരങ്ങള്‍.
അഭിഭാഷക ഫീസ് നല്‍കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത പ്രതികള്‍ക്ക് നിയമസഹായം ലഭ്യമാക്കുകയും അവരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിച്ച് ഫലപ്രദമായ പ്രതിരോധം ഉറപ്പാക്കുകയുമാണ് ഡിഫന്‍സ് കൗണ്‍സല്‍ സംവിധാനത്തിന്റെ ചുമതല, അതിന്റെ കോട്ടയം ജില്ലാ ചീഫ് ഡിഫന്‍സ് കൗണ്‍സലാണ് അഡ്വ. അനില്‍ ഐക്കര.
മറുവശത്ത്, ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് തെളിവുകളും നിയമവാദങ്ങളും കോടതിയില്‍ അവതരിപ്പിക്കുകയും നീതിന്യായ നടപടികളില്‍ വാദികള്‍ക്കും ഇരകള്‍ക്കുമായി പ്രോസിക്യൂഷന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാര്‍ നിയമിച്ച അസി. പബ്ലിക് പ്രോസിക്യൂട്ടറായ രശ്മി രമേശിന്റെ ചുമതല.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വ്യത്യസ്ത നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന ഈ ദമ്പതിമാര്‍ക്ക്, നിയമവ്യവസ്ഥയുടെ രണ്ട് പ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഒരാള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രതികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമ്പോള്‍, മറ്റൊരാള്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് കേസുകള്‍ കോടതിയില്‍ അവതരിപ്പിക്കുന്നു.
നിയമത്തിന്റെ വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കുന്ന ഇരുവരുടെയും ഔദ്യോഗിക ജീവിതം കൗതുകകരമാണ്. എന്നാല്‍ ഈ നവംബറില്‍ എറണാകുളം ക്രൈം ബ്രാഞ്ച് സോണിലേക്ക് രശ്മി രമേശിന് ഡെപ്യൂട്ടേഷന്‍ ലഭിച്ചതോടെ കോട്ടയത്തെ ഇരുവരുടെയും ഒരുമിച്ചുള്ള ‘കോടതിക്കുടുംബ വാഴ്ച’ക്കു തത്കാലത്തേക്കു വിരാമമാകും.
ഈ വര്‍ഷം എറണാകുളം ക്രൈം ബ്രാഞ്ച് സോണിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമനം ലഭിച്ചതോടെ അഡ്വ. രശ്മി രമേശിന്റെ ഔദ്യോഗിക ജീവിതത്തില്‍ പുതിയൊരു അധ്യായം തുറക്കുകയാണ്. ക്രൈം ബ്രാഞ്ചിലേക്കുള്ള ഡെപ്യൂട്ടേഷന്‍ ഉത്തരവ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍നിന്ന് പുതിയ ചുമതലയിലേക്ക് മാറുന്ന രശ്മിയ്ക്ക് ഇത് തൊഴില്‍ജീവിതത്തിലെ ശ്രദ്ധേയമായ മാറ്റമാണ്.
നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട ലേഖനമെഴുത്തും പ്രഭാഷണങ്ങളും ഇരുവരും നടത്താറുണ്ട്.
കോട്ടയം ഗാന്ധിനഗറിലെ മുടിയൂര്‍ക്കര ഐക്കരപ്പറമ്പില്‍ താമസിക്കുന്ന ഈ അഭിഭാഷക ദമ്പതിമാര്‍ക്ക് രണ്ട് മക്കളാണ്. മകള്‍ ദേവയാനി അനില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ്. മകന്‍ ദത്താത്രേയന്‍ അനില്‍ മാന്നാനം കെഇ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും.
നിയമരംഗത്തെ അനുഭവങ്ങളും തൊഴില്‍പരമായ ഉത്തരവാദിത്വങ്ങളും കുടുംബജീവിതത്തോടൊപ്പം മുന്നോട്ടു കൊണ്ടു പോകുന്ന ഈ ദമ്പതിമാരുടെ വിശേഷങ്ങള്‍ നിയമലോകത്തെ വ്യത്യസ്ത ചുമതലകളുടെ സംഗമം എന്ന നിലയില്‍ ശ്രദ്ധേയമാണ്.
