ജറുസലേം: ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ ഭരണപക്ഷമായ ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിനും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എക്സിറ്റ് പോൾ പ്രവചനം.
74 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 120 അംഗ നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 സീറ്റുകൾ ഒരു മുന്നണിക്കും ലഭിക്കില്ലെന്നാണ് വിവിധ ഇസ്രയേലി മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ചാനൽ 12, കാൻ 11, ചാനൽ 13 തുടങ്ങിയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 52 മുതൽ 53 വരെ സീറ്റുകൾ ലഭിക്കാം. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് 50 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം, 17 മുതൽ 18 വരെ സീറ്റുകൾ നേടാനിടയുള്ള അറബ് പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചേക്കും. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 24 സീറ്റുകളും ഐസൻകോട്ടിന്റെ യാഷർ പാർട്ടിക്ക് 22 സീറ്റുകളും ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ കണക്കാക്കുന്നത്. നഫ്താലി ബെന്നറ്റിന്റെ ബിയഹാദ് പാർട്ടിക്ക് 12 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്.
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. എക്സിറ്റ് പോൾ കണക്കുകൾ അന്തിമഫലത്തിലും പ്രതിഫലിച്ചാൽ സർക്കാർ രൂപീകരണത്തിനായി മുന്നണികൾക്ക് മറ്റ് പാർട്ടികളുടെ പിന്തുണ തേടേണ്ടിവരും. അറബ് പാർട്ടികളുടെ പിന്തുണ നേടാനുള്ള നീക്കങ്ങൾ നിർണായകമാകാനും സാധ്യതയുണ്ട്.
ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുകയാണെങ്കിൽ രാജ്യത്ത് വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കാനും ഇടയുണ്ട്.എന്നാൽ എക്സിറ്റ് പോളുകൾ അന്തിമ തിരഞ്ഞെടുപ്പ് ഫലമല്ല. ഔദ്യോഗിക വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ മാത്രമേ നെസറ്റിലെ കക്ഷിനിലയും പുതിയ സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകളും വ്യക്തമാകൂ.
