റേസിങ്ങിനിടെ നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു, പലവട്ടം തലകീഴായി മറിഞ്ഞു…

വാലന്‍സിയ : സ്‌പെയിനില്‍ നടന്ന കാറോട്ട മത്സരത്തില്‍ പങ്കെടുക്കവേ തമിഴ് സൂപ്പര്‍താരം അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിന്റെ വാലന്‍സിയയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അജിത്തിന്റെ മാനേജറായ സുരേഷ് ചന്ദ്ര, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

കാര്‍ മറ്റൊരു കാറിന്റെ പിന്നിലിടിക്കുന്നതും പിന്നീട് പലതവണ മറിയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നടന് പരിക്കൊന്നും ഏറ്റിട്ടില്ലെന്ന് സുരേഷ് ചന്ദ്ര എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

മത്സരത്തിന്റെ അഞ്ചാം റൗണ്ടില്‍ അജിത്തിന് നന്നായി മത്സരിക്കാന്‍ സാധിച്ചുവെന്നും സുരേഷ് ചന്ദ്ര കുറിപ്പില്‍ പറയുന്നു. പതിനാലാം സ്ഥാനത്ത് എത്തിയ അജിത്തിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ആറാം റൗണ്ട് ദൗര്‍ഭാഗ്യകരമായിരുന്നു. മറ്റ് കാറുകള്‍കാരണം രണ്ട് തവണ ഇടിച്ചു. പിഴവ് അദ്ദേഹത്തിന്റെത് ആയിരുന്നില്ല എന്നത് പുറത്തെത്തിയ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

ആദ്യത്തെ തവണ ഇടിച്ചുവെങ്കിലും അദ്ദേഹത്തിന് പിറ്റിലേക്ക് മടങ്ങിവരാനും നല്ല പ്രകടനം കാഴ്ചവെക്കാനും കഴിഞ്ഞു. രണ്ടാമത്തെ തവണ ഇടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ രണ്ടുതവണ മലക്കംമറിഞ്ഞു. ശക്തമാണ് അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം. അദ്ദേഹം പരിക്കേല്‍ക്കാതെ പുറത്തുവരികയും മത്സരം തുടരുകയും ചെയ്തു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലിനും ആശംസകള്‍ക്കും നന്ദി. എ.കെയ്ക്ക് കുഴപ്പങ്ങളൊന്നുമില്ല- എന്നും സുരേഷ് ചന്ദ്ര ട്വീറ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!