42-കാരന് പതിനേഴുകാരി വധു; ഹൈദരാബാദിൽ ബാലവിവാഹം തടഞ്ഞ് പോലീസ്…

ഹൈദരാബാദ്: 17 വയസ്സുള്ള പെൺകുട്ടിയെ 42-കാരന് വിവാഹം ചെയ്തു നൽകാനുള്ള ശ്രമം ഹൈദരാബാദ് പോലീസ് തടഞ്ഞു. ഒക്ടോബർ രണ്ടിന് വൈകുന്നേരം കലാപഥർ പ്രദേശത്തെ ബിരിയാണി ഷാ തെക്രിയിലാണ് സംഭവം നടന്നത്.

ബാലവിവാഹം നടത്താനുള്ള ശ്രമം തടഞ്ഞ പോലീസ്, പെൺകുട്ടിയെ ഉന്നതപഠനത്തിനായി കോളേജിൽ ചേർത്തു. ദുബായിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന ജഹാനുമ സ്വദേശിയായ ആരിഫ് അലി ബെഗ് (42) എന്നയാളുമായിട്ടായിരുന്നു പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടക്കാൻ പോകുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കലാപഥർ പോലീസും ചാർമിനാർ സോൺ ടാസ്‌ക് ഫോഴ്സും വനിതാ പോലീസും ചേർന്ന് സംഭവസ്ഥലത്ത് മിന്നൽപരിശോധന നടത്തുകയായിരുന്നു.

പോലീസ് എത്തുമ്പോൾ വിവാഹച്ചടങ്ങുകൾ നടക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് ചടങ്ങുകൾ നിർത്തിവെപ്പിച്ചു. ചൈൽഡ് മാര്യേജ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും അവരിൽനിന്ന് പരാതി സ്വീകരിക്കുകയും ചെയ്തു.

സംഭവത്തിൽ ബാലവിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 10 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വരൻ ആരിഫ് അലി ബെഗ്, വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ഖാസി മുഹമ്മദ് ജഹാംഗീർ, ഇടനിലക്കാരൻ ഷാഹീൻ, പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കൃത്യമായ ഇടപെടലിലൂടെ പെൺകുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കാനും വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരാനും സാധിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!