ഇതര സംസ്ഥാന ബാലികയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കുമളി: ഇതര സംസ്ഥാന ബാലികയെ കുമളിക്ക് സമീപം പത്തുമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏകദേശം ആറ് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി രാവിലെ മുതല്‍ പത്തുമുറി റോഡില്‍ കാണപ്പെട്ടു.

ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
അലഞ്ഞുതിരിയുകയായിരുന്ന പെണ്‍കുട്ടിയോട് നാട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ റോഡിന് സമീപമുള്ള ബൈജു കല്ലുമ്മാക്കലിന്റെ വീട്ടിലേക്ക് ഓടിക്കയറി. ക്ഷീണിതയായിരുന്ന പെണ്‍കുട്ടിക്ക് ഭക്ഷണം നല്കിയ വീട്ടുകാര്‍ ഹിന്ദി സംസാരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ എത്തിച്ച് കാര്യങ്ങള്‍ തിരക്കിയെങ്കിലും പെണ്‍കുട്ടിയുടെ ഭാഷ മനസ്സിലാക്കാനായില്ല.

തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ലൈനില്‍ ബന്ധപ്പെട്ടതിന് ശേഷം പോലീസെത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. തലമുടി പറ്റെ വെട്ടിയ നിലയിലുള്ള പെണ്‍കുട്ടിയുടെ കൈവശമുള്ള പ്ലാസ്റ്റിക് സഞ്ചിയില്‍ മൂന്ന് ജോഡി മുഷിഞ്ഞ ഉടുപ്പുകളും ഉണ്ട്. അതേ സമയം വൈദ്യ പരിശോധനയില്‍ കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല. വൈകിട്ടോടെ വിവരമറിഞ്ഞ് കുട്ടിയുടെ അമ്മാവന്‍ എന്ന് പറഞ്ഞ് ഒരാള്‍ എത്തിയെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ബന്ധുവാണെന്ന് ഉറപ്പ് വരുത്തിയ ശേഷമേ കുട്ടിയെ വിട്ടുനല്‍കുയുള്ളൂവെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും കുമളി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!