കണ്ണഞ്ചിക്കുന്ന ലൈറ്റുകൾ, കാതടപ്പിക്കുന്ന ഹോൺ;  എസ്‌ യു വി പിടികൂടി; 32,750 രൂപ പിഴ


എറണാകുളം : മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച്  നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയ എസ് യു വി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ)   എറണാകുളം ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്ത് 32,750 രൂപ പിഴ ചുമത്തി. കാക്കനാട് പള്ളിക്കരയിൽ നിന്നാണ് വാഹനം പിടികൂടിയത്.

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ആഫ്റ്റർ മാർക്കറ്റ് ടയറുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മങ്ങിക്കുന്ന ആറ് അഡീഷണൽ ലൈറ്റുകൾ, ഹൈ-പവർ ഫ്ലാഷ് ലൈറ്റുകൾ, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയും കണ്ടെത്തി.

കൂടാതെ, ഉയർന്ന ശബ്ദമുണ്ടാക്കുന്ന മ്യൂസിക് സിസ്റ്റവും പൂർണ്ണമായും നിരോധിച്ച മൾട്ടി-ടോൺ എയർ ഹോണുകളും വാഹനത്തിലുണ്ടായിരുന്നു. അനധികൃത മാറ്റങ്ങൾ പൂർണ്ണമായി അഴിച്ചുമാറ്റി വാഹനം പഴയപടിയാക്കി ഹാജരാക്കാൻ ഉടമയ്ക്ക് നിർദ്ദേശം നൽകിയതായും അല്ലാത്തപക്ഷം രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും എറണാകുളം എൻഫോഴ്സ്മെന്റ് ആർ ടി ഒ ബിജു ഐസക് വ്യക്തമാക്കി.

എം വി ഐ. വിനോദ് കുമാർ എൻ., എ എം വി ഐമാരായ മുഹമ്മദ്‌ നിയാസ്, കശ്യപ് എന്നിവരടങ്ങിയ സംഘമാണ് മിന്നൽ പരിശോധന നടത്തി വാഹനം കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!