കോഴിക്കോട് : ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവള്ളി കരുവംപൊയിൽ പ്രാവിൽ സ്വദേശി അബ്ദുറഹിമാൻ എന്ന മജു (21) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവാഹനങ്ങളും രാമനാട്ടുകര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അബ്ദുറഹിമാൻ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച അബ്ദുറഹിമാൻ ഫാറൂഖ് കോളേജിൽ ബികോം അവസാനവർഷ വിദ്യാർഥിയായിരുന്നു. അപകടത്തെ തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പുലർച്ചെയുണ്ടായ അപകടത്തിൽ യുവാവിന്റെ മരണം നാടിനെയും സഹപാഠികളെയും ദുഃഖത്തിലാഴ്ത്തി.
