കോട്ടയം : കുമാരനല്ലൂർ ദേവീക്ഷേത്രം ഊരാൺമ ദേവസ്വം കാർത്തിക തിരുവുത്സവത്തോടനുബന്ധിച്ച് നൽകി വരുന്ന ദേവീ കാർത്ത്യായനി പുരസ്കാരത്തിന് കഥകളി നടൻ ചമ്പക്കര വിജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു.
30,001 രൂപയോം ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നവംബർ 16 ന് ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
കല, സാഹിത്യം, സംഗീതം, വാദ്യം വൈജ്ഞാനികം, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ സവിശേഷമായ പ്രവർത്തനം നടത്തിയവരെയാണ് ഓരോ വർഷവും പുരസ്ക്കാരം നൽകി ആദരിക്കുന്നത്. ഈ വർഷം രംഗകലകളുടെ മേഖലയാണ് പരിഗണിച്ചത്.
കഥകളിയിലെ സ്ത്രീ വേഷത്തിൽ, കുടമാളൂർ കരുണാകരൻ നായർ, കോട്ടക്കൻ ശിവരാമൻ, മാർഗ്ഗി വിജയകുമാർ എന്നിവരെത്തുടർന്ന്, സവിശേഷമായ അഭിനയസിദ്ധി പ്രകടിപ്പിച്ചു വരുന്ന കലാകാരനാണ് ഈ വർഷത്തെ ദേവീ കാർത്ത്യായനി പുരസ്ക്കാരത്തിന് അർഹനായ ചമ്പക്കര വിജയകുമാർ.
കഥാപാത്രങ്ങളുടെ സ്വഭാവരീതികൾ കൃത്യമായി മനസ്സിലാക്കി, എത്രയും ഔചിത്യത്തോടെ, ഗുരുക്കന്മാരിൽ നിന്നും ആർജ്ജിതമായ അഭിനയ സമ്പ്രദായങ്ങൾക്കൊപ്പം തൻ്റെ ഭാവനയും മനോധർമ്മവും ഉചിതമായി സന്നിവേശിപ്പിച്ചു കൊണ്ടുള്ള രംഗാഭിനയമാണ് വിജയകുമാറിനെ കഥകളിയിൽ വ്യത്യസ്തനാക്കുന്നതെന്ന് പുരസ്ക്കാര സമിതി വിലയിരുത്തി.
കലാമണ്ഡലം ഡീനും സാഹിത്യനിരൂപകനുമായ ഡോ. എൻ .അജയകുമാർ, എഴുത്തുകാരനായ കെ.ബി. പ്രസന്നകുമാർ, കോട്ടയം കളിയരങ്ങ് സെക്രട്ടറിയും കലാമണ്ഡലം പുരസ്ക്കാര ജേതാവുമായ എം.ഡി. സുരേഷ് ബാബു, ദേവസ്വം മാനേജർ സി എൻ നാരായണൻ നമ്പൂതിരി എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
കറുകച്ചാൽ ചമ്പക്കര സ്വദേശിയായ വിജയകുമാർ കേരള കലാമണ്ഡലത്തിൽ നിന്നാണ് കഥകളി അഭ്യസിച്ചത്. കേന്ദ്ര സർക്കാരിൻ്റെ സ്കോളർഷിപ്പ്, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ബിസ്മില്ലാഖാൻ പൂരസ്ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
