നെടുമ്പാശേരി അപകടക്കേസ്: നീട്ടിവളർത്തിയ മുടി പറ്റെവെട്ടി ‘ജയിൽ മേക്ക് ഓവറിൽ’ സുഹൈൽ കോടതിയിൽ; ട്രിമ്മർ ഉപയോഗിച്ച് സ്വയം മുടി വെട്ടിയതെന്ന് ജയിൽ അധികൃതർ

കൊച്ചി : നെടുമ്പാശേരി വിമാനത്താവള റോഡിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ ആഡംബര കാറപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് അപ്രതീക്ഷിത രൂപമാറ്റത്തോടെ ആലുവ കോടതിയിൽ ഹാജരായി. സമൂഹമാധ്യമങ്ങളിലും ഇൻസ്റ്റാഗ്രാം റീലുകളിലും സജീവമായിരുന്ന കാലത്ത് ഇയാൾ കാത്തുസൂക്ഷിച്ചിരുന്ന നീണ്ട ചുരുണ്ട മുടി പറ്റെവെട്ടി തീർത്തും പുതിയ രൂപത്തിലാണ് ഇത്തവണ എത്തിയത്. വിചാരണ നടപടികൾക്കായി കനത്ത പോലീസ് കാവലിൽ കോടതി വളപ്പിലേക്ക് കൊണ്ടുവന്നപ്പോൾ പുറത്തുണ്ടായിരുന്നവർക്ക് പ്രതിയെ പെട്ടെന്ന് മനസ്സിലായില്ല.

മുൻപ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ആഡംബര ജീവിത ശൈലിയുടെ അടയാളങ്ങളെല്ലാം പൂർണ്ണമായി മായ്ച്ചുകളഞ്ഞ നിലയിലായിരുന്നു പ്രതിയുടെ ഭാവം. പോലീസിന്റെ കസ്റ്റഡി കാലാവധി സംബന്ധിച്ച നടപടികൾക്കായി ഹാജരാക്കിയപ്പോഴാണ് ഈ നാടകീയ മാറ്റം പരസ്യമായത്.

റിമാൻഡിൽ കഴിയുന്ന കാക്കനാട് ബോസ്റ്റൽ സ്കൂളിൽ വെച്ചാണ് സുഹൈൽ സ്വന്തം രൂപത്തിൽ ഈ വലിയ മാറ്റങ്ങൾ വരുത്തിയത്. എന്നാൽ പ്രതിയുടെ മുടി തങ്ങൾ നിർബന്ധപൂർവ്വം വെട്ടിച്ചതല്ലെന്നും സുഹൈൽ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നും ജയിൽ അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി. തടവുകാരോട് വിവേചനപരമായോ നിർബന്ധിതമായോ മുടി മുറിക്കാൻ അധികൃതർ ആവശ്യപ്പെടാറില്ലെന്ന് ജയിൽ സൂപ്രണ്ട് വെളിപ്പെടുത്തി.

ജയിലിലെ അന്തേവാസികൾക്ക് നൽകുന്ന സാധാരണ സൗകര്യങ്ങൾ മാത്രമാണ് ഇയാൾക്കും ലഭ്യമാക്കിയിരുന്നത്. പുറത്തിറങ്ങുമ്പോൾ തനിക്കെതിരെ ഉയർന്നേക്കാവുന്ന ജനരോഷവും പൊതുജന ശ്രദ്ധയും ഭയന്നാണോ ഈ നീക്കമെന്ന് സംശയമുണ്ട്.

അപകടക്കേസ് പ്രതിയായ സുഹൈലിന്റെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെയും വേഷത്തിലും ശരീരഭാഷയിലും കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നന്നേ അടുത്തറിയാവുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പോലും ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഇവർ കോടതിമുറിയിൽ നിന്നത്.

തല താഴ്ത്തിപ്പിടിച്ചും മുഖഭാവത്തിൽ യാതൊരു പ്രകോപനവുമില്ലാതെയും തീർത്തും ശാന്തനായാണ് പ്രതി മജിസ്‌ട്രേറ്റിന് മുൻപാകെ പ്രത്യക്ഷപ്പെട്ടത്. നേരത്തെ അപകടം നടന്ന ഉടൻ നാട്ടുകാരോട് തട്ടിക്കയറുകയും വെല്ലുവിളിക്കുകയും ചെയ്ത പ്രതിയുടെ സ്വഭാവത്തിൽ വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിയമപരമായ ആനുകൂല്യം ലഭിക്കാനും ശാന്തനായ വിദ്യാർത്ഥിയാണെന്ന് വരുത്തിത്തീർക്കാനുമുള്ള പ്രതിഭാഗത്തിന്റെ ശ്രമമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ബോസ്റ്റൽ സ്കൂളിലെ അന്തേവാസികൾക്ക് ശുചിത്വം പാലിക്കുന്നതിനും മുടി വെട്ടി വൃത്തിയാക്കുന്നതിനുമായി ട്രിമ്മറുകൾ അധികൃതർ പൊതു ഉപയോഗത്തിനായി നൽകാറുണ്ട്. സാധാരണയായി തടവുകാർ ഇത്തരം ആവശ്യങ്ങൾക്ക് പരസ്പരം സഹായിച്ച് മുടി മുറിക്കുകയാണ് പതിവുള്ള രീതി. എന്നാൽ സുഹൈൽ മറ്റാരുടെയും സഹായം തേടാതെ സ്വന്തമായി ട്രിമ്മർ കൈക്കലാക്കി മുടി പൂർണ്ണമായും മുറിച്ചുമാറ്റുകയായിരുന്നു. ഇത്തരത്തിൽ സ്വയം മുടി മുറിച്ച് രൂപമാറ്റം വരുത്തിയത് ജയിൽ ജീവനക്കാരിലും തുടക്കത്തിൽ ചെറിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു.

തിരിച്ചറിയൽ പരേഡ് അടക്കമുള്ള തുടർ നിയമനടപടികൾ മുൻകൂട്ടി കണ്ടുള്ള നീക്കമാണോ ഇതെന്ന് അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്. വിമാനത്താവള റോഡിലെ വാളേപ്പുറം കവലയിൽ പുലർച്ചെയുണ്ടായ മരണപ്പാച്ചിലിൽ മൂന്ന് സാധാരണക്കാരായ ചെറുപ്പക്കാരുടെ ജീവനാണ് ഇയാൾ തകർത്തുകളഞ്ഞത്. ചായ കുടിക്കാൻ സ്കൂട്ടറിൽ എത്തിയ ദേവിക, ഗോപിക, ഇജാസ് എന്നീ ഹാൻഡിക്രാഫ്റ്റ് ജീവനക്കാരുടെ മേലേക്ക് സുഹൈൽ ഓടിച്ച കാർ ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മരിച്ച പെൺകുട്ടികളിൽ ഒരാളുടെ ഷോൾ കാറിന്റെ വൈപ്പറിൽ കുടുങ്ങിക്കിടന്ന ദാരുണ കാഴ്ച നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു. അപകടസമയത്ത് താൻ മദ്യപിച്ചിരുന്നുവെന്നും മുൻപ് 218 കിലോമീറ്റർ വേഗതയിൽ കാറോടിച്ചു വെന്നും സുഹൈൽ പോലീസിനോട് സമ്മതിച്ചിരുന്നു. ഈ കൊടുംക്രൂരതയ്ക്ക് ശേഷമാണ് യാതൊരു ഭാവവ്യത്യാസ വുമില്ലാതെ പ്രതി പുതിയ രൂപത്തിൽ കോടതിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!