മാവേലിക്കര : ഒരു ഇടവേളയ്ക്ക്ശേഷം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ചെട്ടികുളങ്ങരയും കറ്റാനവും. കഴിഞ്ഞ ദിവസം ചെട്ടികുളങ്ങരയിൽ രണ്ട് തെരുവ് നായ്ക്കൾ നിവവധി പേരെ കടിച്ച് പരിക്കേൽപ്പിച്ചു. കറ്റാനത്തും സമാനമായ രീതിയിൽ തെരുവ് നായ ആക്രമണം ഉണ്ടായി.
ചെട്ടികുളങ്ങരയിൽ എഴോളം പേരെ തെരുവ് നായ കടിച്ച് പരിക്കേപ്പിക്കുകയും വീട്ടുമുറ്റത്ത് നിന്ന വൃദ്ധയെ ക്രൂരമായി ആക്രമിക്കുകയും ചെയ്തപ്പോൾ കറ്റാനത്ത് കടയുടമയായ വൃദ്ധക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ചെട്ടികുളങ്ങരയിൽ ഏഴ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. ഇവരിൽ വയോധികയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. ചെട്ടികുളങ്ങര കൈത തെക്ക് കടമ്പനാട്ട് കോയിക്കൽ രമ നാരായണിയെയാണ് തെരുവുനായ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചത്. വീട്ടുമുറ്റത്ത് വെച്ചാണ് ഇവരെ തെരുവുനായ ക്രൂരമായി ആക്രമിച്ചത്.
തലയിലും മുഖത്തും ഗുരുതരമായി കടിയേറ്റ രമ നാരായണിയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഖത്ത് പ്ലാസ്റ്റിക് സർജറി നടത്തുന്നതിനായി രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കറ്റാനത്ത് സ്വന്തം കടയിൽ നിന്ന 74 കാരിയായ വൃദ്ധക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടയിലേക്ക് ഓടിക്കയറിയ തെരുവ് നായയുടെ ആക്രമണത്തിൽ വൃദ്ധയുടെ രണ്ട് കൈകൾക്കും പരിക്കേറ്റു. കറ്റാനം പാറക്കുരുഷമൂട് ജംഗ്ഷനിൽ സ്വന്തം കട നടത്തുന്ന പുളിമൂട്ടിൽ ലില്ലിക്കുട്ടി വർഗീസിനാണ് (74) പരിക്കേറ്റത്. പാറക്കുരുഷമൂട് ജംഗ്ഷനിൽ ഇവർ നടത്തുന്ന കട തൂത്തുതുടയ്ക്കുന്നതി നിടയിൽ തെരുവ് നായ അകത്തോട്ട് ഓടി കയറി ആക്രമിക്കുകയായിരുന്നു.
കടയ്ക്കകത്തേക്ക് കയറിവന്ന തെരുവുനായ തിരിച്ചിറങ്ങിപ്പോകുന്ന തിനിടെ ലില്ലിക്കുട്ടി വർഗീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വൃദ്ധയുടെ രണ്ട് കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെട്ടികുളങ്ങരിയിൽ നാട്ടുകാരെ ആക്രമിച്ച നായ്ക്കൾ ചത്തതിനെത്തുടർന്ന് നായ്ക്കളുടെ പോസ്റ്റുമോർട്ടം നടത്തി. രണ്ട് നായ്ക്കൾക്കും പേ വിഷബാധ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇത് നാട്ടുകാരെ കൂടുതൽ പരിഭ്രാന്തരാക്കിയിരി ക്കുകയാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിൽ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നിലെന്ന ആരോപണം ശക്തമാണ്.
