കണ്ണൂർ: മാതമംഗലത്ത് 32കാരി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശിനിയായ മേഘയുടെ മരണത്തിന് പിന്നിൽ വലിയ തുക നഷ്ടമായതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് പലതവണയായി മേഘയ്ക്ക് നൽകിയ 40 ലക്ഷം രൂപ എങ്ങനെ ചെലവായെന്ന കാര്യത്തിലാണ് വ്യക്തത തേടുന്നത്. വീട് വാങ്ങുന്നതിനായി താൻ നൽകിയ പണം ഉപയോഗിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ തുക മേഘ ചെലവാക്കിയിരുന്നതായാണ് വിവരം.
പണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായതിന് പിന്നാലെയാണ് മേഘ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ. ഭർത്താവ് നൽകിയ 40 ലക്ഷം രൂപ എങ്ങനെ ചെലവായി, പണം മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
വിഷം കഴിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മേഘ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പണത്തിന്റെ വിനിയോഗം സംബന്ധിച്ച വ്യക്തതയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.
