ന്യൂദൽഹി : പാർട്ടിയും സർക്കാരും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്ന മുതിർന്ന നേതാവ് അടൂർ പ്രകാശിന്റെ പരാതിയിൽ ശക്തമായ നടപടിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. അടൂർ പ്രകാശ് ഉന്നയിച്ച ആക്ഷേപങ്ങൾ അത്യന്തം ഗൗരവമുള്ളതാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.
പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടലിന് ഒരുങ്ങുന്ന ഹൈക്കമാൻഡ്, മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും പാർട്ടി-സർക്കാർ ഏകോപനം ഉറപ്പാക്കാനുമായി 12 അംഗ ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.
രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരടങ്ങുന്നതാ യിരിക്കും ഈ ഏകോപന സമിതി. കൂടാതെ മുൻ കെപിസിസി ഭാരവാഹികളും സമിതിയിൽ അംഗങ്ങളാകും. സർക്കാരിന്റെ തീരുമാനങ്ങളിലും നയപരമായ വിഷയങ്ങളിലും ഏകപക്ഷീയമായ നീക്കങ്ങൾ തടയാനും മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമായ കടിഞ്ഞാണിടാനും ലക്ഷ്യമിട്ടാണ് ഹൈക്കമാൻഡിന്റെ ഈ നീക്കം.
എന്നാൽ ഹൈക്കമാൻഡ് നീക്കങ്ങൾക്കിടയിലും പാർട്ടിയിലും സർക്കാരിലും ഭിന്നതയില്ലെന്ന വാദവുമായി കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് രംഗത്തെത്തി. സർക്കാരും പാർട്ടിയും തമ്മിൽ മികച്ച ഏകോപനമാണ് നിലവിലുള്ളതെന്നും യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
എങ്കിലും അടൂർ പ്രകാശിന്റെ പരാതിയിൽ എഐസിസി നേരിട്ട് ഇടപെട്ട് 12 അംഗ സമിതിയെ നിയോഗിക്കുന്നത് സംസ്ഥാന കോൺഗ്രസിലും ഭരണ നേതൃത്വത്തിലും വൻ രാഷ്ട്രീയ ചലനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
