മൂന്ന് മിനിറ്റ് വെട്ടിമാറ്റി; എഡിറ്റഡ് എംപുരാന്‍ തിങ്കളാഴ്ച മുതല്‍

കൊച്ചി: വിവാദങ്ങള്‍ക്ക് പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന്‍ പെരുന്നാള്‍ ദിനം (തിങ്കളാഴ്ച ) മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ മൂന്ന് മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും തിങ്കളാഴ്ച മുതല്‍ എംപുരാന്‍ പ്രദര്‍ശിപ്പിക്കുക.

ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍, പ്രതിനായകന്റെ പേര് ബജ്‌റംഗി എന്നതില്‍ നിന്നും ബല്‍രാജ് ആക്കി തിരുത്തിയുമായിരിക്കും മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുക.

വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റില്‍ എഡിറ്റ് ചെയ്ത രംഗങ്ങള്‍ നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട്. അതിൻ്റെ ഉത്തരവാദിത്വം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത്തരം ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

പിന്നാലെയാണ് അതിവേഗം എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അവധി ദിനത്തിലും യോഗം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, എഡിറ്റ് ചെയ്യാത്ത എംപുരാന്‍ ഇതുവരെ വിദേശത്ത് ഗ്രോസ് കളക്ഷന്‍ 85 കോടി പിന്നിട്ടു. ഒരു കോടി ഡോളറിന്റെ കളക്ഷന്‍ സ്വന്തമാക്കിയ വിവരം മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചത്. ചിത്രം റിലീസ് ചെയ്ത രണ്ട് ദിനം കൊണ്ടുതന്നെ കളക്ഷന്‍ 5 ദശലക്ഷം ഡോളര്‍ പിന്നിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!