സമയം അളക്കുന്നതിൽ മനുഷ്യൻ ഇതുവരെ കൈവരിച്ച കൃത്യതയ്ക്ക് പുതിയൊരു അളവുകോൽ കൂടി. ലോകത്തിലെ ആദ്യ പ്രവർത്തനക്ഷമമായ ന്യൂക്ലിയർ ക്ലോക്ക് വികസിപ്പിച്ചതായി ഓസ്ട്രിയയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ.
നിലവിലുള്ള ആറ്റോമിക് ക്ലോക്കുകളുടെ കൃത്യതയെ കൂടുതൽ മെച്ചപ്പെടുത്താൻ സാധ്യതയുള്ള ഈ മുന്നേറ്റം സമയസാങ്കേതികവിദ്യയിൽ പുതിയ അധ്യായത്തിന് തുടക്കമിടുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
വിയന്നയിലെ ടിയു വിയെൻ (TU Wien), ബെയ്ജിങ്ങിലെ സിൻഹുവ സർവകലാശാല എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഗവേഷകരാണ് പദ്ധതിക്ക് പിന്നിൽ. പഠനത്തിന്റെ വിശദാംശങ്ങൾ പ്രമുഖ ശാസ്ത്ര ജേണലായ ‘നേച്ചറിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇലക്ട്രോണുകളുടെ ചലനത്തിന് പകരം ആറ്റോമിക് ന്യൂക്ലിയസിനുള്ളിൽ സംഭവിക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ക്ലോക്ക് പ്രവർത്തിക്കുന്നത്. തോറിയം-229 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പാണ് ഇതിലെ പ്രധാന ഘടകം. കൃത്യമായി നിയന്ത്രിക്കപ്പെടുന്ന അൾട്രാവയലറ്റ് ലേസർ ഉപയോഗിച്ച് തോറിയം ന്യൂക്ലിയസുമായി പ്രതിപ്രവർത്തനം സൃഷ്ടിക്കുകയും അതിലൂടെ ഉണ്ടാകുന്ന ഊർജമാറ്റങ്ങൾ നിരീക്ഷിച്ചുമാണ് സമയം അളക്കുന്നത്.നിലവിലെ ആറ്റോമിക് ക്ലോക്കുകളിൽ ആറ്റത്തിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ വിവിധ ഊർജാവസ്ഥകൾ തമ്മിലുള്ള മാറ്റങ്ങളാണ് സമയത്തിന്റെ അടിസ്ഥാന അളവായി ഉപയോഗിക്കുന്നത്.
അസാധാരണമായ കൃത്യതയുള്ള ഇത്തരം ക്ലോക്കുകൾ ഇന്ന് ശാസ്ത്രലോകത്തും സാങ്കേതികവിദ്യയിലും നിർണായക പങ്കുവഹിക്കുന്നുണ്ടെങ്കിലും, പുറംലോകത്തുനിന്നുള്ള ചില ഇടപെടലുകൾ അവയുടെ കൃത്യതയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇവിടെയാണ് ന്യൂക്ലിയർ ക്ലോക്കിന്റെ പ്രത്യേകത. ഇലക്ട്രോണുകളെ ആശ്രയിക്കുന്നതിന് പകരം ആറ്റത്തിന്റെ ഏറ്റവും അകത്തുള്ള ന്യൂക്ലിയസിലെ മാറ്റങ്ങളെയാണ് ഇത് നിരീക്ഷിക്കുന്നത്.
ന്യൂക്ലിയസ് താരതമ്യേന ബാഹ്യ ഇടപെടലുകളിൽ നിന്ന് കൂടുതൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ, ഭാവിയിൽ ഇതിലും ഉയർന്ന സമയകൃത്യത കൈവരിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
അതായത്, സമയം അളക്കുന്ന സാങ്കേതികവിദ്യയുടെ അടുത്ത വലിയ ചുവടുവയ്പ്പ് ആറ്റത്തിന് പുറത്തല്ല, അതിന്റെ ഉള്ളിലായിരിക്കാം. ന്യൂക്ലിയർ ക്ലോക്കിന്റെ വികസനം കൂടുതൽ കൃത്യതയുള്ള ശാസ്ത്രീയ അളവുകൾക്കും ഭാവിയിലെ അതിസൂക്ഷ്മ സാങ്കേതികവിദ്യകൾക്കും പുതിയ സാധ്യതകൾ തുറന്നേക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
