നിരണം(തിരുവല്ല) : പമ്പ നദിയിൽ തുടങ്ങി പമ്പ നദിയിൽ അവസാനിക്കുന്നതും പത്ത് കിലോമീറ്റർ ദൂരം വരുന്നതുമായ കോലറയാർ പുനരുജ്ജീവിപ്പിക്കുന്നതി നായി നിരണം, കടപ്ര പഞ്ചായത്ത് അധികാരികളും പരിസ്ഥിതി പ്രവർത്തകരും കോലറയാർ പുനരീജീവന പദ്ധതി ഭാരവാഹികളും ചേർന്ന് നദിയിലൂടെ പഠന യാത്ര നടത്തി.
നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ പണിക്കർ, നിരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെന്നി തോമസ്, കടപ്ര ഗ്രാമ പഞ്ചായത്തംഗം ജോസ് വി ചെറി, പരിസ്ഥിതി പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരി കോലറയാർ പുനരീ ജീവന പദ്ധതി ചെയർമാൻ ഏബ്രഹാം പുതുക്കേരി, വിനോദ സഞ്ചാര സംരക്ഷണ സമിതി ചെയർമാൻ ഫിലിപ്പ് ജോർജ് എന്നിവർ പഠന യാത്രയ്ക്ക് നേത്യത്വം നൽകി.
കടപ്ര പഞ്ചായത്തിലെ അറയ്ക്കൽ മുരപ്പിൽ നിന്ന് ആരംഭിച്ച് നിരണം പഞ്ചായത്തിലെ തേവേരിയിൽ സമാപിക്കുന്ന കോലറയാറ്റിൽ ചെളിയും മാലിന്യവും മണലും അടിഞ്ഞ് കൂടിയും പോളയും പായലും നിറഞ്ഞ് കിടക്കുകയുമായിരുന്നു.
കഴിഞ്ഞ 35 ദിവസമായി നദിയെ സംരക്ഷിക്കുവാൻ നാട്ടുകാർ ചേർന്ന് പുനരുജ്ജീവന പദ്ധതി ആരംഭിച്ച് നടപ്പിലാക്കി വരികയാണ്. ഈ പദ്ധതി പ്രകാരം നദിയിലെ പോളയും പായലും ചെളിയും നീക്കുന്ന പണികൾ നടന്ന് വരികയാണ്. ഇനിയും ഒരു മാസത്തെയെങ്കിലും മാലിന്യ നീക്കം അനിവാര്യമാണ്.
നാട്ടുകാരിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും പണം സ്വരുപിച്ചാണ് നദി പുനരീജീവനം നടത്തി വരുന്നത്. ഇനി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പദ്ധതി തയ്യാറാക്കിയാൽ മാത്രമേ നദിയെ പൂർണ്ണമായും സംരക്ഷിക്കുവാൻ സാധിക്കു.
2016-ൽ നാല് കോടി രൂപാ മുടക്കി നദി സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയെങ്കിലും കാര്യമായ മാറ്റം നദിയിൽ വരുത്തുവാൻ സാധിച്ചില്ല.
