മിസോറി : അമേരിക്കയിലെ മിസോറിയിൽ ഉണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിയായ യുവതി മരിച്ചു. മഹാബുബാദ് സ്വദേശിനി ദരം സുപ്രിയ (31) ആണ് മരിച്ചത്. ശനിയാഴ്ച മിസോറിയിലാണ് അപകടമുണ്ടായത്.
മിസോറിയിലെ സെന്റ് ലൂയിസിൽ റെസ്റ്ററന്റ് നടത്തിവരികയായിരുന്നു സുപ്രിയ. ശനിയാഴ്ച റെസ്റ്ററന്റ് അടച്ചശേഷം സുഹൃത്തിനൊപ്പം കാറിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ സുപ്രിയ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിൽ തന്നെയാണ്. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന രഞ്ജിത്താണ് ഞായറാഴ്ച രാവിലെ സുപ്രിയയുടെ മരണവിവരം കുടുംബത്തെ അറിയിച്ചത്.
സുപ്രിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സഹായിക്കണമെന്ന് പിതാവ് തെലങ്കാന മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
