പാകിസ്താൻ ചാരസംഘടനയുടെ ഹണിട്രാപ്പ്… നാവികസേനാ ഉദ്യോഗസ്ഥൻ…

കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ 31കാരൻ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ കോയമ്പത്തൂരിൽവെച്ച് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐ.എൻ.എസ്. അഗ്രണിയിൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. 2014ൽ സെയിലറായി നാവികസേനയിൽ ചേർന്ന പ്രദീപ്, വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.

ഒരാഴ്ച മുമ്പാണ് കോഴ്‌സിനായി ഐ.എൻ.എസ്. അഗ്രണിയിലെത്തിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് പാകിസ്താൻ വനിതാ ഇന്റലിജൻസ് ഏജന്റ് പ്രദീപുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തുടർന്ന് വിശാഖപട്ടണം നാവികസേനാ താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ നാവിക സ്വത്തുക്കൾ, കപ്പൽ നീക്കങ്ങൾ, പ്രവർത്തന രീതികൾ തുടങ്ങിയ വിവരങ്ങൾ ഇയാളിൽനിന്ന് ചോർത്തിയെടുത്തതായാണ് വിവരം.

പ്രദീപിന്റെ സംശയാസ്പദമായ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആന്ധ്രാപ്രദേശ് പൊലീസ് ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു. രഹസ്യവിവരങ്ങൾ കൈമാറിയതിൽ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചതിന് പിന്നാലെ നാവികസേനാ അധികൃതരിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി.

തുടർന്ന് ശനിയാഴ്ച രാവിലെ ഐ.എൻ.എസ്. അഗ്രണിയിലെത്തിയ പ്രത്യേക സി.ഐ. സംഘം പ്രദീപിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് വിവരം കോയമ്പത്തൂർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് പ്രദീപിനെ പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് നേടിയശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

ചോർത്തപ്പെട്ട പ്രതിരോധ വിവരങ്ങളുടെ വ്യാപ്തിയും സ്വഭാവവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഹവാല വഴിയോ ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങളിലൂടെയോ പ്രദീപിന് പണം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!