തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം…

തിരുനാവായ (മലപ്പുറം) : കുംഭമേളയ്ക്കായി തിരുനാവായ വേണമെന്നുപറയുന്നവർ നാഥുറാം ഗോഡ്‌സെയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.

സി.പി.ഐ. ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം തിരുനാവായ ഗാന്ധിസ്തൂപത്തിനു സമീപം സംഘടിപ്പിച്ച മതേതരത്വസംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ പ്രധാന ഇടങ്ങളിലൊന്നായ തിരുനാവായയിൽ കുംഭമേള നടത്താൻ ശ്രമിക്കുന്നത് ഗോഡ്സെമാരെ വളർത്താനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.യഥാർത്ഥ ഹിന്ദു ഗോഡ്സെയല്ല മറിച്ച് മഹാത്മാഗാന്ധിയാണെന്നും, വെടിയേറ്റുവീഴുമ്പോഴും രാമനാമം വിളിച്ച ഗാന്ധിയേക്കാൾ മഹത്വമുള്ള മറ്റൊരു ഹിന്ദുവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യയ്ക്ക് മുന്നോട്ടുപോകണമെങ്കിൽ ഹിന്ദു-മുസ്ലിം മൈത്രി അത്യന്താപേക്ഷിതമാണെന്നും വിദേശികളായ മുസ്സോളിനിയെയും ഹിറ്റ്ലറെയും വഴികാട്ടിയാക്കിയ ബി.ജെ.പിക്കും ആർ.എസ്.എസിനും ഭാരതാംബയെപ്പറ്റി പറയാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടവകാശങ്ങൾ വെട്ടിക്കുറച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധിയൻ വാൾട്ടർ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!