‘വിഡ്ഢികളുടെ കൂട്ടം, ബിജെപിയെക്കാൾ വിഷം‘; കോൺഗ്രസിനെ പരിഹസിച്ച് സിജെപി

ന്യൂഡൽഹി : കോൺഗ്രസും കോക്ക്റോച്ച് ജനത പാർട്ടിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പരസ്പരം കടുത്ത വിമർശനങ്ങളുമായാണ് ഇരു പാർട്ടികളുടെയും നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ജന്തർമന്തർ സമരം മുതൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം വരെയുള്ള വിഷയങ്ങളിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസമാണ് ഇപ്പോൾ പരസ്യ പ്രതികരണത്തിലേക്ക് എത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് സി ജെ പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും വിമർശനം ഉന്നയിച്ചത്.

ബിജെപിയേക്കാൾ വിഷമുള്ള രാഷ്ട്രീയമാണെന്നും രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് ഇത്തരം രാഷ്ട്രീയക്കാരാണെന്നും അവർ ആരോപിച്ചു. സ്വയം പ്രഖ്യാപിത ലിബറലുകൾ രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകർ തങ്ങളാണെന്ന് കരുതുന്നുവെന്നും ഇവർ പരിഹസിച്ചു.

അതേസമയം, സി ജെ പിക്കെതിരെ കോൺഗ്രസ് വക്താവ് റീതം സിംഗ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രതിഷേധങ്ങൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടിയുടെ പുതിയ രൂപമാണ് സി ജെ പി എന്നായിരുന്നു ആരോപണം. സോനം വാങ്ചുക്ക്, നേഹ ബോറ തുടങ്ങിയ സമരപോരാളികളെ സി ജെ പി വഞ്ചിച്ചെന്നും റീതം സിംഗ് കുറ്റപ്പെടുത്തി.

ഗ്യാനേഷ് കുമാർ വിഷയത്തിൽ തുടങ്ങി തർക്കംഅസമിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സി ജെ പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഒപ്പം നിന്നത് കോൺഗ്രസ് മാത്രമായിരുന്നുവെന്ന റീതം സിംഗിന്റെ പരാമർശത്തോടെയാണ് പുതിയ തർക്കത്തിന് തുടക്കമായത്.

ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ അഭിജിത് ദീപ്കേ തമാശയാക്കിയെന്നും ജനങ്ങളാണ് സി ജെ പി സമരത്തിന് ഗൗരവം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. സോനം വാങ്ചുക്കിന്റെ അറസ്റ്റുവരെ കോൺഗ്രസ് കൈയുംകെട്ടി നിന്നെന്നും നേഹ ബോറയെ പോലുള്ളവരെ ജന്തർമന്തറിലെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയെന്നും റീതം സിംഗ് ആരോപിച്ചു.

സി ജെ പി ആം ആദ്മി പാർട്ടിയുടെ പ്രചാരണസംഘമായി പ്രവർത്തിക്കുക യാണെന്നും അദ്ദേഹം വിമർശിച്ചു.ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ പേരെടുത്ത് പറയാതെ സി ജെ പി നേതാക്കൾ മറുപടിയുമായി രംഗത്തെത്തിയത്. ബിജെപി അല്ലാത്ത മറ്റൊരു രാഷ്ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടായിരുന്നു അവരുടെ പരാമർശങ്ങൾ.

‘വിഡ്ഢികളുടെ കൂട്ടം’ എന്ന പരിഹാസംസ്വയം പ്രഖ്യാപിത ലിബറലുകൾ രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകർ തങ്ങളാണെന്ന് കരുതുന്നുവെന്നും അവർ യഥാർഥത്തിൽ വിഡ്ഢികളുടെ കൂട്ടമാണെന്നും സി ജെ പി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും ആരോപിച്ചു. ഇത്തരക്കാർ ട്വിറ്ററിൽ മാത്രമാണ് സജീവമെന്നും അവർ പരിഹസിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് സി ജെ പി ശക്തമാക്കിയതോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായതെന്ന വാദവും സി ജെ പി നേതാക്കൾ ഉയർത്തുന്നു.

എന്നാൽ കോൺഗ്രസ് ആരംഭിച്ച സമരം സി ജെ പി ഹൈജാക്ക് ചെയ്തുവെന്ന വിമർശനം കോൺഗ്രസ് ക്യാമ്പിൽ നേരത്തെയും ഉയർന്നിരുന്നു.ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിലും സമാനമായ മത്സരമാണ് ഇരു പാർട്ടികളും തമ്മിൽ നടക്കുന്നത്. കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് സി ജെ പിയും രംഗത്തെത്തിയത്. പ്രതിഷേധത്തിൽ സി ജെ പിയെ സഹകരിപ്പിക്കണമെന്ന ഇടത് പാർട്ടികളുടെ ആവശ്യം കോൺഗ്രസ് തള്ളിയതായും റിപ്പോർട്ടുകളുണ്ട്.

ഇതോടെ പ്രതിഷേധങ്ങളുടെ നേതൃത്വം സംബന്ധിച്ച തർക്കം കോൺഗ്രസും സി ജെ പിയും തമ്മിലുള്ള തുറന്ന രാഷ്ട്രീയ പോരിലേക്ക് മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!