രാജ്യത്തെ നശിപ്പിക്കുന്നത് എന്തിന്?’; ഡൽഹി വിമാനത്താവളത്തിൽ അഭിജീത് ദിപ്കെയ്ക്കുനേരെ യുവാവിന്റെ രോഷപ്രകടനം…

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കുനേരെ ഡൽഹി വിമാനത്താവളത്തിൽ യുവാവിന്റെ ആക്രോശം.

മഹാരാഷ്ട്രയിൽനിന്ന് മടങ്ങിയെത്തിയ ദിപ്കെ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു പോകുന്നതിനിടെയാണ് ഒരാൾ മുന്നിലെത്തി രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ശ്രദ്ധേയമായി.

‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ എന്ന ചോദ്യം യുവാവ് പലതവണ ആവർത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ പ്രകോപനപരമായ ചോദ്യങ്ങളോട് ചിരിച്ചുകൊണ്ടാണ് ദിപ്കെ പ്രതികരിച്ചത്. പിന്നീട് അദ്ദേഹം അവിടെനിന്ന് പുറത്തേക്കു പോകുകയും ചെയ്തു.

മുത്തശ്ശിയുടെ മരണത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിലേക്കു പോയ ദിപ്കെ ബുധനാഴ്ചയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ഒക്ടോബർ 10ന് ജന്തർ മന്തറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ വിമാനത്തിനുള്ളിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതേ ദിവസമാണ് ദിപ്കെയുടെ മുത്തശ്ശി മരിച്ചത്. പൊലീസ് കസ്റ്റഡിയിൽനിന്ന് വീട്ടിലേക്കു മടങ്ങിയ ദിപ്കെ പിന്നീട് ഡൽഹിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!