ഹിസാർ: മദ്യപിച്ച് ലക്കുകെട്ട യുവതി തിരക്കേറിയ റോഡിന്റെ നടുവിൽ കാർ നിർത്തി നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. ഹരിയാനയിലെ ഹിസാറിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സർക്കാർ ആശുപത്രിയിൽ നഴ്സായ യുവതിയാണ് മദ്യ ലഹരിയിൽ ഗതാഗത തടസ്സമുണ്ടാക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തത്.
രാത്രി 11 മണിയോടെ ക്യാമ്പ് ചൗക്കിന് സമീപമാണ് സംഭവം നടന്നത്. രാജസ്ഥാൻ രജിസ്ട്രേഷനുള്ള കാർ റോഡിൽ പാർക്ക് ചെയ്ത നിലയിൽ കണ്ട നാട്ടുകാർ വാഹനം മാറ്റാൻ ആവശ്യപ്പെട്ടതോടെ സ്ത്രീ പ്രകോപിതയായി. തുടർന്ന് അവരെ അസഭ്യം വിളിക്കുകയും ശബ്ദം ഉയർത്തി തർക്കിക്കുകയും ചെയ്തു. സ്വന്തം ജോലി, ശമ്പളം എന്നിവയെക്കുറിച്ചും അവർ ആവർത്തിച്ച് പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. പോലീസ് വാഹനം പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ, താൻ ഉടൻ മറ്റൊരു കാർ വാങ്ങുമെന്നായിരുന്നു അവരുടെ പ്രതികരണം.
സ്ഥലത്തെത്തിയ പോലീസ് സംഘം, എസ്ഐയുടെയും വനിതാ കോൺസ്റ്റബിളുകളുടെയും നേതൃത്വത്തിൽ സ്ത്രീയെ സ്റ്റേഷനിലേക്ക് മാറ്റി. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സർക്കാർ നഴ്‌സാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
സംഭവം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയർന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതും പൊതുസ്ഥലങ്ങളിൽ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റവും നിരവധി പേർ വിമർശിച്ചു. ചിലർ കടുത്ത നടപടികൾ ആവശ്യപ്പെട്ടപ്പോൾ, മറ്റു ചിലർ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും ചർച്ച ഉയർത്തി.
