ഇസ്ലാമാബാദ് : പാകിസ്താനിൽ പോലീസ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്ക്പോസ്റ്റിന്റെ പുറംമതിലിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ശക്തമായ സ്ഫോടനത്തിൽ ചെക്ക്പോസ്റ്റിന്റെ കെട്ടിടം പൂർണമായും തകർന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്തുണ്ടായിരുന്ന സാധാരണക്കാരും കെട്ടിടാവശിഷ്ടങ്ങ ൾക്കിടയിൽ കുടുങ്ങി.
വിവരമറിഞ്ഞ് രക്ഷാപ്രവർത്തകരും സുരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന് പിന്നാലെ പ്രദേശം സംയുക്ത സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ബോംബ് നിർവീര്യമാക്കൽ വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
സ്ഫോടനവുമായി ബന്ധപ്പെട്ട തെളിവുകളും ബോംബിന്റെ അവശിഷ്ടങ്ങളും സംഘം പരിശോധിച്ചുവരികയാണ്. അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.
