കൊച്ചി : കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒരുങ്ങുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടനാ ഘടകങ്ങൾ ഉടൻ രൂപീകരിക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു.
അതത് ജില്ലകളിലെ പ്രധാന സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്ത് ഗൗരവപൂർണവും ഫലപ്രദവുമായ ഇടപെടലുകൾ നടത്തുകയാണ് സിജെപിയുടെ ലക്ഷ്യം. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് എറണാകുളം മറൈൻ ഡ്രൈവിൽ പൊതുസമ്മേളനം സംഘടിപ്പിക്കും.
സിജെപിയുടെ കേരളത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തിൽ ദക്ഷിണ മേഖലാ ഇൻചാർജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ്, നിധിൻ നോബിൾ എന്നിവരാണ്. കേരളത്തിലെ കോഓർഡിനേറ്റർമാരിലൊരാളായ സനൂപ് ദേവാണ് ഇക്കാര്യം അറിയിച്ചത്.
